കയ്പമംഗലം : കാലവർഷം കനത്തതോടെ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. എടത്തിരുത്തി ഒന്നാം വാർഡായ പൈനൂരിലെ കിഴക്കൻ പ്രദേശത്തെ വീടുകൾ, ചുറ്റും വെള്ളം നിറഞ്ഞ നിലയിലാണ്. വാഹനാപകടത്തെ തുടർന്ന് പതിനൊന്ന് വർഷമായി കിടപ്പിലായ വേളുവീട്ടിൽ ഗോപാലൻ മകൻ ഗോപകുമാറിനെയാണ് (32) ഒന്നാം വാർഡ് തല ആർ.ആർ.ടി അംഗങ്ങളുടെ ഇടപെടലിനെ തുടർന്ന് എടമുട്ടം ആൽഫയിൽ സംരക്ഷണം ഒരുക്കിയത്. ഗോപകുമാർ താമസിക്കുന്ന വീടിന്റെ പ്രദേശം വെള്ളം കയറിയതിനാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
പഞ്ചായത്ത് അംഗങ്ങളായ ഉഷ വേലായുധൻ, പി.എസ് സൈനുദ്ദീൻ, ആൽഫ പി.ആർ.ഒ താഹിറ പറൂപ്പന, ആർ.ആർ.ടി അംഗങ്ങളായ ഷെമീർ എളേടത്ത്, കെ.വി ശ്രീധരൻ, ബാബു പണിക്കവീട്ടിൽ, കെ.ജെ ജയേഷ് , പി.എസ് രാജേഷ് , ഷനിത ലെനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗോപകുമാറിന് സംരക്ഷണം ഒരുക്കിയത്.