പുതുക്കാട്: കുറുമാലിപ്പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്ററിൽ ഒഴുകിയെത്തുന്ന മരങ്ങളും പാഴ്‌വസ്തുക്കളും നീക്കം ചെയ്യുന്ന പ്രവൃത്തികൾക്ക് വേഗം പോരെന്ന് ആക്ഷേപം. ശനിയാഴ്ച പാഴ്‌വസ്തുക്കൾ നീക്കം ചെയ്‌തെങ്കിലും ഒഴുകിയെത്തി വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്ന മരങ്ങൾ നീക്കം ചെയ്യാൻ കരാറുകാർ എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, പ്രാദേശിക നേതാക്കൾ എന്നിവർ സ്ഥലത്തെത്തി അധികൃതരുടെ അനാസ്ഥതയിൽ പ്രതിഷേധിച്ചു. മുൻ വർഷങ്ങളിൽ സന്നദ്ധ പ്രവർത്തകരാണ് ശ്രമദാനം നടത്തി മരങ്ങൾ ഉൾപ്പെടെ ഒഴുക്ക് തടസപ്പെടുത്തുന്ന പാഴ്‌വസ്തുക്കൾ നീക്കം ചെയ്യാറുള്ളത്. ഇത്തവണ ജലസേചന വകുപ്പ് കരാറുകാരനെ നിയോഗിച്ചിരിക്കുകയാണ്.

അധികൃതരുടെ അനാസ്ഥ,​ മരങ്ങൾ ലേലം ചെയ്തില്ല

പുതുക്കാട്: കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ ഒഴുകിയെത്തി അറ്റപ്പിള്ളി ,മാഞ്ഞാംകുഴി റെഗുലേറ്ററുകളിൽ അടിഞ്ഞുകൂടിയ മരങ്ങൾ നീക്കം ചെയ്തത് ഇതുവരെയും ലേലം ചെയ്ത് കൊടുക്കാൻ അധികൃതർക്കായിട്ടില്ല. ആറ്റപ്പിള്ളി റെഗുലേറ്ററിന് മുകളിലും മാഞ്ഞാംകുഴിയിൽ റോഡിന് സമീപത്തേക്കും മാറ്റിയിട്ട മരങ്ങൾ നീക്കംചെയ്യാത്തത് ജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.