ചാലക്കുടി: വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും ചാലക്കുടിക്ക് തെല്ല് ആശ്വാസം. താഴ്ന്ന പാടശേഖരങ്ങളിൽ വെള്ളം കയറുന്നത് ഉൾപ്പെടെ മൂന്നു ദിവസമായി തുടരുന്ന അങ്കലാപ്പിന് അയവ് വന്നിട്ടുണ്ട്. ചാലക്കുടിപ്പുഴയുടെ ജനവിതാനം നാലടിയോളം കുറഞ്ഞു.
പൊരിങ്ങൽക്കുത്ത് ഡാമിലെ ഏഴു ഷട്ടറുകളിലൂടെ പുറത്തു വന്നിരുന്ന വെള്ളം നിലച്ചതാണ് പുഴയുടെ കുത്തൊഴുക്കിന് അൽപ്പം അയവുണ്ടായത്. ഡാമിൽ രണ്ടര മീറ്റർ ജലനിരപ്പ് താഴ്ന്നു. എങ്കിലും ഞായറാഴ്ച പകൽ പദ്ധതി പ്രദേശത്ത് ഇടവിട്ട് കനത്ത മഴയുണ്ടായത് ആശങ്ക ബാക്കിയാക്കുന്നു. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ചാലക്കുടി താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇതിൽ അഞ്ചും ചാലക്കുടി നിയോജക മണ്ഡലം പരിധിയിലാണ്. 62 കുടുംബങ്ങൾ ക്യാമ്പിൽ കഴിയുന്നുണ്ട്. മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിലെ ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിന് കളക്ടർ എത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, പഞ്ചായത്ത് അംഗം എം.എസ്. ബിജു എന്നിവർ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചു.