പാവറട്ടി: കനത്ത മഴയിൽ എളവള്ളി പഞ്ചായത്തിലെ വാക കാക്കത്തുരുത്ത് വെള്ളക്കെട്ടിൽ ഒറ്റപ്പെട്ടു. കേച്ചേരിപ്പുഴ കവിഞ്ഞ് ഒഴുകിയതാണ് വെള്ളം കയറാൻ കാരണമായത്. 26 കുടുംബങ്ങളാണ് കാക്കത്തുരുത്ത് ഗ്രാമത്തിൽ താമസിക്കുന്നത്. ഇവർക്കുള്ള ഏക സഞ്ചാരമാർഗമായ വാകയിൽ നിന്നുള്ള റോഡ് വെള്ളത്തിൽ മുങ്ങി.
കൊവിഡ് പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് മാറി താമസിക്കാൻ പ്രദേശവാസികൾ തയ്യാറാവുന്നില്ല. ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും പഞ്ചായത്ത് നൽകുമെന്ന് അധികൃതർ അറിയിച്ചു. പ്രളയത്താൽ ഒറ്റപ്പെട്ട കാക്കതിരുത്തിയിൽ ഭയത്തോടെയാണ് ജനങ്ങൾ കഴിയുന്നത്. പ്രളയസാഹചര്യത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇഴജന്തുക്കളുടെ ശല്യം രൂകഷമാണ്.
ശനിയാഴ്ച വൈകിട്ട് ഏഴിന് മൂക്കോലെ വിജീഷിന്റ ഭാര്യയെ വെള്ളക്കെട്ടിൽ നിന്നും പാമ്പ് കടിച്ചു. വാഹനഗതാഗതവും, മറ്റു സഞ്ചാരമാർഗവും ഇല്ലാത്ത അവസ്ഥയിൽ പാമ്പ് കടിയേറ്റയാളെ ടിപ്പർ ലോറിയിലാണ് ആശുപത്രിയിൽ എത്തിച്ചത്.