തൃപ്രയാർ: തീരദേശ മേഖലയിൽ കനത്ത മഴ. ഉച്ചയ്ക്ക് ശേഷം കനത്ത മഴയാണ് മേഖലയിൽ. തോടും, പാടവും ചിറകളും നിറഞ്ഞു കവിഞ്ഞു. വലപ്പാട്, നാട്ടിക തളിക്കുളം , വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ചെറുതും വലുതുമായ തോടുകളെല്ലാം നിറഞ്ഞൊഴുകുകയാണ്. ചെറുറോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതതടസവും നേരിടുന്നു. വലപ്പാട് പഞ്ചായത്തിൽ പത്തൊമ്പതാം വാർഡ്, എടമുട്ടം കമ്മാറ ഹാൾ പരിസരം, കോഴിപ്പറമ്പിൽ ക്ഷേത്രപരിസരം, കൂരിത്തറ തെക്ക് ഭാഗം, മുരിയാംതോട് പടിഞ്ഞാറ് ഭാഗം, കുരിശുപള്ളി പടിഞ്ഞാറ് എന്നിവിടങ്ങളിൽ വെള്ളം കയറി. നാട്ടിക പഞ്ചായത്തിൽ ദേശീയപാതയ്ക്ക് പടിഞ്ഞാറ് നൂറിലധികം വീടുകൾ വെള്ളത്തിലായി. തിരുനിലം കോളനി, ഒന്നാം വാർഡ് പള്ളം ബീച്ച് , സിതീവളവിന് സമീപം, ചെമ്പിപ്പറമ്പിൽ ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ വെള്ളം കയറി.
തൃപ്രയാർ ശ്രീരാമ പോളിടെക്നിക്കിൽ ക്യാമ്പ് തുറക്കാനുള്ള ഒരുക്കം പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് പി. വിനു പറഞ്ഞു. തളിക്കുളത്ത് മിക്ക ഭാഗത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തളിക്കുളം ഗവ ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പത്ത് പേരെയാണ് ക്യാമ്പിലേക്ക് മാറ്റിപാർപ്പിച്ചിട്ടുള്ളത്. വാടാനപ്പിള്ളിയിൽ ശനിയാഴ്ച തന്നെ ക്യാമ്പ് ആരംഭിച്ചിരുന്നു. ഇവിടെ 15 പേർ ക്യാമ്പിലുണ്ട്.
കൊവിഡ് ഭീതിയെ തുടർന്ന് പലരും ക്യാമ്പിലേക്ക് വരാൻ മടിക്കുകയാണ്. പലരും ബന്ധു വീടുകളിലേക്കും താമസം മാറുന്നുണ്ട്. ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ കടുത്ത വെള്ളക്കെട്ട് നേരിടുന്ന മാമ്പുള്ളിക്കാവ് ക്ഷേത്രം മുതൽ ശ്രീനാരായണ സ്കൂൾ താമരപ്പാടം വരെയുള്ള തോടുകൾ വീതി കൂട്ടിയും ആഴം വെപ്പിച്ചും പ്രളയസാഹചര്യം പരമാവധി ഒഴിവാക്കാൻ ശ്രമം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാലിന്റെ നേത്യത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്. വലപ്പാട്, തളിക്കുളം, നാട്ടിക പഞ്ചായത്തുകളിൽ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ തോടുകളിലെയും കാനകളിലെയും തടസം നീക്കി.