ചാലക്കുടി: ചാലക്കുടിപ്പുഴയിലെ വെട്ടുകടവ് പാലം മഴക്കാലത്ത് ജനങ്ങൾക്ക് പേടിസ്വപ്നമാണ്. കാലവർഷം ഏറെ നീണ്ടു പോയെങ്കിലും മഴ എത്തിയതോടെ ഇക്കുറിയും പ്രദേശവാസികൾക്ക് ചങ്കിടിപ്പേറുന്നുണ്ട്. ജലനിരപ്പ് മേൽത്തട്ടിലെത്തുമോയെന്ന ആശങ്കയിലാണ് ജനം കഴിയുന്നത്.
വെട്ടുകടവ് പാലത്തിന്റെ മേൽത്തട്ടിൽ ജലം എത്തിയ കഴിഞ്ഞ രണ്ടു വർഷങ്ങളിലും കൊടിയ ദുരിതങ്ങളായിരുന്നു ചാലക്കുടിക്കാർക്ക് അനുഭവപ്പെട്ടത്. പ്രളയകാലത്ത് ആദ്യം വെള്ളം ഉയർന്നു തുടങ്ങിയത് വെട്ടുകടവിലായിരുന്നു. ഒഴുകിയെത്തിയ മരങ്ങൾ തൂണുകളിൽ തടഞ്ഞപ്പോൾ സംഭവിച്ച പ്രതിസന്ധി ചെറുതായിരുന്നില്ല. പാലത്തിനടിയിയിൽ പുഴ സ്തംഭിച്ചു.
ഇരുകരകളിലും വെള്ളം കയറിയതിനെ തുടർന്ന് പാലത്തിന് മുകളിലൂടെയായിരുന്നു ജലമൊഴുക്ക്. പാലത്തിന്റെ അടിയിൽ കുടുങ്ങിയ മരങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യൽ പിന്നീട് ഭഗീരഥ പ്രയത്‌നമായി. പിന്നീടിത് കാലവർഷത്തിന്റെ തുടക്കത്തിലായിരുന്നു ശേഷിച്ച മരങ്ങൾ നീക്കിയത്. എന്നിട്ടും പാലത്തിൽ തടസം അനുഭവപ്പെട്ടു.
പാലത്തിന് വേണ്ടത്ര ഉയരമില്ലെന്ന പരാതിയാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് വരുമ്പോൾ വെട്ടുകടവ് വാസികൾക്ക് ആശങ്ക ഏറിവരികയാണ്.