കൊടുങ്ങല്ലൂർ: മലവെള്ളപ്പാച്ചിലിൽ കൊടുങ്ങല്ലൂരിൽ കുട്ടിക്കൊമ്പന്റെ ജഡം ഒഴുകിയെത്തി. ശക്തമായ അടിയൊഴുക്ക് മൂലം കൊടുങ്ങല്ലൂരിൽ ആനയുടെ ജഡം പുഴയിലൂടെ ഒഴുകിയെത്തി. ഒരാഴ്ചയിൽ താഴെ പഴക്കമുള്ള ഏകദേശം 20-25 വയസ് പ്രായം വരുന്ന കുട്ടിക്കൊമ്പന്റെ ജഡമാണ് കാഞ്ഞിരപ്പുഴയിൽ ഒഴുകിയെത്തിയത്. വടം കെട്ടിയാണ് ജഡം കരയ്ക്കടുപ്പിച്ചത്. മലയാറ്റൂർ മഹാഗണി തോട്ടത്തിൽ നിന്ന് ശക്തമായ ഒഴുക്കിൽപെട്ടാണ് ആന അപകടത്തിൽപെട്ടത്. കാലടിയിൽ ആനയുടെ ജഡം ദൃശ്യമായതോടെ അവിടം മുതൽ വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് മാഞ്ഞാലി പുഴ വഴി പറവൂർ ഗോതുരുത്തിലെത്തി അവിടെനിന്ന് കാഞ്ഞിരപ്പുഴയിൽ അടിയുകയായിരുന്നു. വനം വകുപ്പിന്റെ ഉദ്യോഗസ്ഥരായ ഡി.എഫ്.ഒമാരായ രാജീവ് കെ. ഫ്രാൻസിസ്, എസ്.വി വിനോദ്, ചാലക്കുടി റേഞ്ച് ഓഫീസർ സി.എസ് മാത്യു, കോടനാട് റേഞ്ച് ഓഫീസർ സനിക്ക് ലാൽ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് ശേഷം ചാലക്കുടി പരിയാരത്തേക്ക് കൊണ്ടുപോയി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിക്കും.