flood

കൂനിൻമേൽ കുരുവെന്നും ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചെന്നുമെല്ലാം പറയുന്നതു പോലെ വിശേഷിപ്പിച്ചാൽ പോരാ, കൊവിഡ് മഹാമാരിക്കാലത്തെ ഇൗ പേമാരിയെ. ഇടവപ്പാതിയും മിഥുനവും കഴിഞ്ഞ് കർക്കടകത്തിൽ മാത്രം ആർത്തലച്ച് പെയ്യുന്ന മഴക്കാലം മൂന്നാം വർഷവും കേരളത്തെ പിടിച്ച് മുക്കുമ്പോൾ, തൃശൂരും പ്രളയഭീതിയിലാണ്. പോയ കാലങ്ങളിൽ ദുരിതാശ്വാസക്യാമ്പുകളിൽ പോലും തോളോട് തോൾ ചേർന്ന് കൂട്ടം കൂടി തമാശകൾ പറഞ്ഞ് ചിരിച്ചും കളിച്ചും ജനങ്ങൾ ദു:ഖത്തെ മറികടന്നെങ്കിൽ, ഇപ്പോൾ കൊവിഡ് പകരുമോ എന്ന ഭീതിയാണ് എങ്ങും. അപ്പോൾ ഇരുനൂറോളം പേർ വീതം താമസിക്കുന്ന, ജില്ലയിലെ ക്യാമ്പുകളിലെ അവസ്ഥ പറയേണ്ടതില്ലല്ലോ. ഡാമുകളിൽ ജലനിരപ്പുയരുന്നു. മലയോര മേഖലകളും താഴ്ന്നപ്രദേശങ്ങളും പ്രളയത്തിന്റെയും ഉരുൾപ്പൊട്ടലിന്റെയും വക്കിൽ. വെള്ളാനിക്കരയിൽ 157.4 മി. മീറ്റർ മഴയായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയും മഴയളവ് 154.9 മി.മീ എത്തിയിരുന്നു. ഉരുൾപൊട്ടലുണ്ടായ ഇടുക്കിയിൽ, പീരുമേട്ടിൽ 185.5 മി.മീറ്ററായിരുന്നു മഴയളവ്.

കൊടുങ്ങല്ലൂരിൽ പുഴയിലൂടെ ആനയുടെ ജഡം പോലും ഒഴുകിവന്നു! ജലനിരപ്പ് ക്രമീകരിക്കാൻ, പെരിങ്ങൽക്കുത്ത് തുറന്ന് ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കുന്നു. പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്‌നാട് ഷോളയാർ ഡാം പൂർണ സംഭരണ ശേഷിയിലായതോടെ സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം കെ.എസ്.ഇ.ബി ഡാമായ കേരള ഷോളയാറിലേക്ക് ഒഴുക്കി. നാശനഷ്ടം കണക്കാക്കിയിട്ടില്ലെങ്കിലും കാറ്റും മഴയും മൂലം രണ്ടുകോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം.

തകർച്ചയിലേക്ക് ബസ്,

ഹോട്ടൽ വ്യവസായങ്ങൾ

രോഗവ്യാപനം ഭയന്ന്, ജനങ്ങൾ പൊതുഗതാഗതം ഉപേക്ഷിക്കാൻ തുടങ്ങിയപ്പോൾ തൃശൂർ ജില്ലയിലെ ഭൂരിഭാഗം ബസുകളും ഒാടുന്നില്ല. ബസുടമകളും തൊഴിലാളികളും മറ്റു ജീവിതമാർഗങ്ങൾ തേടാൻ തുടങ്ങി. അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ നാൽപത് ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ടു. ഇളവുകളുടെ ഭാഗമായി പകുതി സീറ്റുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയുണ്ടെങ്കിലും പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ആളെത്തുന്നില്ല. സംസ്ഥാനത്ത് കൊവിഡ് ബാധിതർ കൂടുന്തോറും ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം കുറയുകയുമാണ്. പാഴ്സൽ മാത്രം നൽകിയിരുന്ന സമയത്തേക്കാൾ പത്തുശതമാനം കച്ചവടം മാത്രമാണ് കൂടിയത്. അതിന്റെ ഇരട്ടിയാണ് ദൈനംദിന ചെലവ്. ജീവനക്കാരുടെ ശമ്പളം, വാടക, വൈദ്യുതിബില്ല് തുടങ്ങിയവ പോലും ഹോട്ടലുടമകൾക്ക് കണ്ടെത്താനാകുന്നില്ല. അതേസമയം, വൻകിട ഹോട്ടലുകളും റിസോർട്ടുകളും ആകർഷകമായ നിരക്കിളവുകളിലൂടെയും പെയ്ഡ് ക്വാറന്റീൻ പാക്കേജുകളിലൂടെയും നഷ്ടം നികത്താനുള്ള ശ്രമത്തിലാണ്. പ്രവാസികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും പാക്കേജുകളൊരുക്കിയത്. സ്വന്തം വീടുകളിലോ സംസ്ഥാന സർക്കാരിന്റെ കേന്ദ്രങ്ങളിലോ താമസിക്കാൻ ബുദ്ധിമുട്ടുള്ളവരാണ് ഇത്തരത്തിൽ ഹോട്ടലിലേക്ക് പോകുന്നത്. റെസ്റ്റോറന്റ് സേവനങ്ങളും വൻകിട ഹോട്ടലുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ചെറുകിട ഹോട്ടലുകൾക്ക് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വർഷങ്ങളെടുത്തേക്കും. റോഡരികിലെ വാഹനങ്ങളിലും ഷെഡുകളിലുമായി ഭക്ഷണ വിൽപന പ്രോത്സാഹിപ്പിക്കുന്നത് ഹോട്ടൽ മേഖലയെ തളർത്തുന്നു എന്നതിലുപരി അനാരോഗ്യകരമായ ഭക്ഷണസംസ്‌കാരത്തെ വളർത്തുന്നുവെന്നാണ് ഹോട്ടലുടമകളുടെ പരാതി. വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്നവർ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഗുണനിലവാരമില്ലാത്ത അസംസ്‌കൃതവസ്തുക്കൾ ഉപയോഗിച്ച് അനാരോഗ്യകരമായ സാഹചര്യത്തിൽ പാചകം ചെയ്ത ഭക്ഷണം വില കുറച്ച് വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന പരാതിയുമുണ്ട്. സാമ്പത്തിക സാഹചര്യം മെച്ചപ്പെട്ടാൽ മാത്രമേ ഹോട്ടൽ മേഖലയുടെ ഭാവി പ്രവചിക്കാനാവൂ. കേന്ദ്രീകൃത അടുക്കള അടുത്ത് തന്നെ നിലവിൽ വരുമെന്ന് ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. ബിജുലാൽ വ്യക്തമാക്കുന്നത്.

ആയുർവേദസൂര്യന്റെ

അസ്തമയം

ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടുവെന്നതിലല്ല, ആറുപതിറ്റാണ്ടിലേറെക്കാലം പതിനായിരങ്ങൾക്ക് ചികിത്സയും മരുന്നും നൽകാനായതിലാണ് തന്റെ സംതൃപ്തിയെന്ന് പറഞ്ഞ അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ് കടന്നുപോയത് ഇൗ കർക്കടകത്തിലാണ്. കൊവിഡ് കാലത്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദം അനിവാര്യമാണെന്ന ചിന്തയും സമീപനവും ലോകമെങ്ങും പ്രചരിക്കുന്ന കാലത്താണ് ഇൗ മഹാവൈദ്യൻ്റെ മടക്കം. ആ നഷ്ടം നികത്താനാവില്ല.

രാജ്യമെങ്ങും ഖ്യാതിനേടിയ ചികിത്സാ പാരമ്പര്യം, ചികിത്സാ വിധികളിലെ ശാസ്ത്രീയത, രോഗനിവാരണസിദ്ധി... ആയുർവേദത്തിലെ പരമോന്നത അംഗീകാരമായ വൈദ്യരത്‌നം ബഹുമതി തൈക്കാട്ട് ഇല്ലം തേടിയെത്തിയതിന് കാരണങ്ങളേറെ ഉണ്ടായിരുന്നു. ബറോഡ മഹാരാജാവാണ് അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസിന് ബഹുമതി പ്രഖ്യാപിച്ചത്. സമ്മാനിച്ചത് ചക്രവർത്തിയുടെ പ്രതിപുരുഷനായ വൈസ്രോയി റീഡിംഗ് പ്രഭുവും. 1924 ജൂൺ മൂന്നിന് തൃശൂർ സി.എം.എസ് ഹൈസ്‌കൂളിൽ വച്ച് സമർപ്പിച്ച ആ പുരസ്‌കാരത്തിന്റെ ദീപപ്രഭ, നൂറ്റൊന്ന് ആവർത്തിച്ച് കർമ്മവഴികളിൽ പരത്തുകയായിരുന്നു മുത്തച്ഛന്റെ പേരുകാരനായ കൊച്ചുമകൻ ഇ.ടി. നാരായണൻ മൂസ്. രോഗത്തെയല്ല, രോഗിയെയാണ് ചികിത്സിച്ചതെന്ന് അടിവരയിട്ട ചികിത്സകൻ. പച്ചമരുന്നുകളും വനവിഭവങ്ങളും കിട്ടാത്തതും കർശന നിയമങ്ങളും ഔഷധ നിർമാണത്തിന് വെല്ലുവിളിയാകുന്നുവെന്ന് നിരന്തതരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന ഔഷധനിർമ്മാതാവ്... അതെല്ലാമായിരുന്നു നാരായണൻ മൂസ്.

ഔഷധശാലയും നഴ്‌സിംഗ് ഹോമും ഗവേഷണകേന്ദ്രവും മ്യൂസിയവും കോളേജുമെല്ലാം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത് അദ്ദേഹത്തിലൂടെയായിരുന്നു. ആ ദീപശിഖ കൈയിലേന്തി മക്കൾ, അഷ്ടവൈദ്യൻമാരും പ്രഗത്ഭ ചികിത്സകരുമായ ഡോ. ഇ.ടി. നീലകണ്ഠൻ മൂസും ഇ.ടി.പരമേശ്വരൻ മൂസും അവരുടെ മക്കളായ ഡോ. കൃഷ്ണൻമൂസും ഡോ.യദുനാരായണൻ മൂസും നിലകൊളളുന്നുണ്ട്. വിശ്വാസവും പ്രാർത്ഥനയും പ്രയത്‌നവും ഗുരുപൂജയും അച്ഛനമ്മമാരിൽ നിന്നും പിതാമഹരിൽ നിന്നുമുളള അനുഗ്രഹവും എല്ലാത്തിനേക്കാൾ മുകളിലായി തൈക്കാട്ടുശ്ശേരി ഭഗവതിയോടുളള ഭക്തിയും ചേർന്നതാണ് നാരായണൻ മൂസെന്ന വൈദ്യനെന്ന് ജീവിതം കൊണ്ട് ഓർമ്മിപ്പിച്ചാണ് ആ മഹാവൈദ്യൻ മടങ്ങുന്നത്.