sinagog

മാള: മുഖം മിനുക്കുന്നതിനിടെ മാളയിലെ യഹൂദ സ്മാരകം വിനോദ സഞ്ചാരികളെയും ചരിത്രവിദ്യാർത്ഥികളെയും മാടിവിളിക്കുന്നു. മുസ്‌രിസ് പദ്ധതികളുടെ ഭാഗമായാണ് ഈ ചരിത്ര സ്മാരകം സംരക്ഷിക്കാനുള്ള പ്രവൃത്തി നടക്കുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കാനും ചരിത്ര പഠനങ്ങൾക്കുള്ള സൗകര്യം ഒരുക്കാനുമുള്ള തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

യഹൂദ ആവാസത്തിന്റെ അവശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും സിനഗോഗ് പുനരുദ്ധരിക്കുന്നതിനും 75 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. യഹൂദ ആവാസത്തിന്റെയും ചരിത്ര അവശേഷിപ്പുകളുടെയും മ്യൂസിയം ഒരുക്കും. യഹൂദരുടെ പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന ശ്മശാനത്തിന്റെ മുഴുവൻ ഭാഗവും ചുറ്റുമതിൽ കെട്ടി കവാടമൊരുക്കി സംരക്ഷിക്കാൻ 99 ലക്ഷം രൂപയുടെ പദ്ധതിയാണ് തുടങ്ങിയിട്ടുള്ളത്.

1950 കളിൽ മാളയിൽ നിന്ന് ഇസ്രായേലിലേക്ക് പാലായനം ചെയ്ത യഹൂദ സമൂഹം 1955 ജനുവരി നാലിന് രജിസ്റ്റർ ചെയ്ത കരാർ പ്രകാരം സിനഗോഗും ശ്മശാനവും സംരക്ഷിക്കാനായി മാള പഞ്ചായത്തിന് കൈമാറി. എന്നാൽ പഞ്ചായത്ത് ഭരണകർത്താക്കൾ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് നിരവധി നിയമനടപടികളും പിന്നാലെയുണ്ടായി.

ശ്മശാന സ്ഥലത്തിന്റെ ഒരു ഭാഗം പഞ്ചായത്ത് മൈതാനമാക്കി കായിക വകുപ്പിന്റെ സ്റ്റേഡിയമാക്കി മാറ്റാനുള്ള നിർമ്മാണം കോടികൾ ചെലവഴിച്ച് നടത്തിയെങ്കിലും പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പരാതികൾ വന്നതോടെ പദ്ധതി ഉപേക്ഷിച്ചു.

ടി.എൻ പ്രതാപൻ എം.എൽ.എ ആയിരിക്കുമ്പോഴാണ് സ്ഥലത്തിന്റെ ഒരു ഭാഗം ആധുനിക സ്റ്റേഡിയമാക്കാനും ശേഷിക്കുന്ന ശ്മശാനം സൗന്ദര്യവത്കരിക്കാനും പദ്ധതി കൊണ്ടുവന്നത്. എന്നാൽ ശ്മശാന സ്ഥലം കുഴിക്കാനോ തരം മാറ്റാനോ അനുവദിക്കില്ലെന്നും നിർമ്മാണം നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പൈതൃക സംരക്ഷണ സമിതി രംഗത്തെത്തി. തുടർന്ന് ആ പദ്ധതി ഉപേക്ഷിച്ച്, ശേഷിക്കുന്ന ഭാഗത്ത് സ്റ്റേഡിയം അടക്കമുള്ള നിർമ്മാണം തുടങ്ങി.

എ.കെ ചന്ദ്രൻ എം.എൽ.എ ആയിരുന്നപ്പോഴാണ് സ്റ്റേഡിയം നിർമ്മാണത്തിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തി കെ. കരുണാകരന്റെ പേര് നൽകിയത്. എന്നാൽ ഈ സ്റ്റേഡിയം പദ്ധതി ടി.എൻ പ്രതാപൻ എം.എൽ.എ ആയിരിക്കുമ്പോൾ നിർമ്മാണം തുടർന്നെങ്കിലും പദ്ധതി നിയമക്കുരുക്കിലേക്ക് നീങ്ങി. പിന്നീട് ഉപേക്ഷിച്ചു. നിയമവിരുദ്ധമായ നിർമ്മാണത്തിന് സർക്കാർ പണം പാഴാക്കിയെന്ന ആക്ഷേപവുമുണ്ട്. ഇത്തരത്തിൽ കോടികൾ പാഴാക്കിയെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അതല്ലെങ്കിൽ സ്റ്റേഡിയം യാഥാർത്ഥ്യമാക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.

......................

വിനോദ സഞ്ചാരത്തിനൊപ്പം യഹൂദരുടെ ചരിത്രം പഠിക്കാനുള്ള മ്യൂസിയം ആണ് ഒരുക്കുന്നത്. ആറ് യഹൂദ പള്ളികളിൽ മൂന്നെണ്ണം മുസ്‌രിസ് പദ്ധതിയിലുണ്ട്. ഈ വർഷം തന്നെ നിർമ്മാണം പൂർത്തിയാക്കും. വിദേശത്ത് നിന്ന് എത്തുന്നവർക്ക് അടക്കം യഹൂദരുടെ ചരിത്രം അറിയാനും പഠിക്കാനുമുള്ളതാണ് മ്യൂസിയം

പി.എം നൗഷാദ്

മുസ്‌രിസ് പദ്ധതി മാനേജിംഗ് ഡയറക്ടർ