തൃശൂർ : കർക്കടകം അവസാനം മുതൽ സജീവമാകുന്ന ഓണവിപണിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന നൂറുക്കണക്കിന് നേന്ത്രക്കർഷകർ ആശങ്കയിൽ. ഓണക്കാലത്ത് നാടൻ നേന്ത്രക്കായകൾക്ക് വൻ ഡിമാൻഡാണ്. എന്നാൽ ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് കൃഷിയിറക്കിയ കർഷകർക്ക് കൂലിച്ചിലവ് പോലും ലഭിക്കാത്ത സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. മുൻകാലങ്ങളിൽ മാസങ്ങൾക്ക് മുമ്പ് തന്നെ വാഴത്തോട്ടം കച്ചവടക്കാരെത്തി മൊത്തമായി എടുക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ആരും എത്തിയിട്ടില്ല. ചിലയിടങ്ങളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് വാങ്ങി മാർക്കറ്റുകളിൽ വിൽപ്പന നടത്തുന്നുണ്ട്. നിലവിൽ കൃഷിവകുപ്പിന്റെ ചന്തകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മുൻകാലങ്ങളേക്കാൾ പകുതിയോളം വില മാത്രമാണ് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പ്രളയം കർഷകരെ ചതിച്ചപ്പോൾ ഇത്തവണ കൊവിഡ് മഹാമാരിയാണ് പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നത്. ജില്ലയിൽ പുതുക്കാട്, കോടാലി, വരന്തരപ്പിള്ളി, മുപ്ലിയം, കൊടകര, പുത്തൂർ, ചേലക്കര, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും നേന്ത്രവാഴ കൃഷി.
തോട്ടങ്ങളിലും ചില്ലറ വിൽപ്പന
കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിലെ ശക്തൻ ഉൾപ്പെടെ പല മാർക്കറ്റുകളും അടയ്ക്കുകയും കർശന നിയന്ത്രണങ്ങളും വന്നതോടെ കർഷകർ തോട്ടങ്ങളിൽ തന്നെ ചില്ലറ വിൽപ്പന നടത്തുകയാണ്. വാഹനങ്ങൾ വിളിച്ച് കായ കയറ്റി മാർക്കറ്റുകളിൽ എത്തിച്ചാലും വില ലഭിക്കാത്ത സാഹചര്യമാണ്. മാർക്കറ്റുകളിൽ പോയാൽ ലഭിക്കുന്നത് പരമാവധി 32 മുതൽ 35 രൂപ വരെയാണ്. ഇത് നാട്ടിൻപുറങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് നൽകിയാൽ കിലോയ്ക്ക് 30 മുതൽ 32 വരെ ലഭിക്കുമെന്നും കർഷകർ പറയുന്നു. രണ്ടാഴ്ച മുമ്പ് വരെ 25 രൂപയ്ക്കാണ് കർഷകർ വിൽപ്പന നടത്തിയിരുന്നത്.
വരവ് കായയ്ക്കും വിലയില്ല
ജില്ലയിലെ മാർക്കറ്റുകളിൽ എത്തുന്ന വരവ് കായകൾക്ക് വിലയില്ല. അട്ടപ്പാടി, ട്രിച്ചി, വയനാട്, പുളിയവെട്ടി എന്നീ കായകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. എതാനും ദിവസമായി പ്രധാന മാർക്കറ്റായ ശക്തൻ അടച്ചിട്ടതോടെ വരവ് കായകളെല്ലാം ഇറക്കുന്നത് പാവറട്ടിയിലാണ്.
ചെങ്ങാലിക്കോടനും വിലയിടിഞ്ഞു
ഓണക്കാലമായാൽ എറ്റവും ഡിമാൻഡുള്ള ചെങ്ങാലിക്കോടൻ കായയ്ക്കും വിലയിടിഞ്ഞു. ഈ സമയങ്ങളിൽ 70 രൂപ മുതൽ 90 രൂപവരെ വില ലഭിക്കുന്ന ചെങ്ങാലിക്കോടൻ കായ ചില്ലറ വിൽപ്പന നടത്തുന്നത് അറുപത് രൂപയ്ക്കാണ്. ഓണമടുക്കുന്നതോടെ വില കയറുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
നാടൻ നേന്ത്രക്കായ
കർഷകർക്ക് ലഭിക്കുന്നത് 32 മുതൽ 35
ചില്ലറ വിൽപ്പന 40 മുതൽ 45 വരെ
വരവ് കായ 30 മുതൽ 35 വരെ
ചെങ്ങാലിക്കോടൻ 55 മുതൽ 60 വരെ (ചില്ലറ വിൽപ്പന)