തൃശൂർ : കേരള ഭൂമി പതിവ് ചട്ടവും വ്യവസ്ഥയും ലംഘിച്ച് സർക്കാരിന് ഭീമമായ നഷ്ടം വരുത്തിയ യൂണിറ്റാക് ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് കളക്ടറോട് അനിൽ അക്കര എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭൂരഹിതരായ ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഭവനസമുച്ചയം നിർമ്മിക്കുന്നതിന് ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിക്കായി ജില്ലയിലെ തലപ്പള്ളി താലൂക്കിൽ ഭൂമി ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി വാങ്ങിയിരുന്നു.
ഇവിടെ ഫ്‌ളാറ്റ് പണിയുന്നതിനായി കരാറെടുത്ത യൂണിറ്റാക് ഗ്രൂപ്പ് ഈ ഭൂമിയിലെ തേക്ക്, മാവ് തുടങ്ങിയ നൂറോളം മരം മുറിക്കുകയും കടത്തുകയും ചെയ്തു. ഇത് കൂടാതെ ഇവിടെ നിന്ന് മണ്ണും കടത്തി കൊണ്ടു പോയിട്ടുണ്ട്. ഏകദേശം 10 ലക്ഷത്തോളം രൂപയാണ് സർക്കാരിന് ഈ വകയിൽ മാത്രം നഷ്ടം സംഭവിച്ചിട്ടുള്ളത്. കരാർ വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമാണ് യൂണിറ്റാക് ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള റിസർവ് മരം അടക്കമാണ് ഇവിടെ നിന്ന് മുറിച്ച് കടത്തിയിട്ടുള്ളത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.