thalikulam-block-panchaya

തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ പ്രകാശനത്തിൽ രാഷ്ട്രീയവത്കരണമെന്ന് ആക്ഷേപം. പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ സി.പി.എം നാട്ടിക ഏരിയാ കമ്മിറ്റി ഓഫീസിൽ ഭരണസമിതി തീരുമാനമില്ലാതെ എ.സി. മൊയ്തീൻ പ്രകാശനം ചെയ്തിരുന്നു. നിയമപ്രശ്‌നം മനസിലാക്കി ഗീതാഗോപി എം.എൽ.എയെ കൊണ്ട് വീണ്ടും പ്രകാശനം ചെയ്യിപ്പിച്ചതിൽ കോൺഗ്രസ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു. പ്ലക്കാർഡ് ഉയർത്തി നടന്ന പ്രതിഷേധത്തിന് അംഗങ്ങളായ പി.എം. ശരത്കുമാർ, നൗഷാദ് കൊട്ടിലിങ്ങൽ, കെ.ജെ. യദുകൃഷ്ണ, ഷൈൻ നാട്ടിക എന്നിവർ നേതൃത്വം നൽകി.
വികസനരേഖയിൽ രാജീവ് ഗാന്ധിയുടെ ചിത്രം ഉൾക്കൊള്ളിക്കണം എന്ന കോൺഗ്രസിന്റെ ആവശ്യത്തെ പ്രസിഡന്റ് തള്ളിക്കളഞ്ഞതായി കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. വികസന രേഖയിൽ ടി.എൻ. പ്രതാപൻ എം.പിയുടെ ചിത്രം ഉൾക്കൊള്ളിക്കാത്തതിലും അംഗങ്ങൾ പ്രതിഷേധിച്ചു. കൊവിഡ് കാലത്ത് പൊതുപരിപാടികൾ പാടില്ല എന്നിരിക്കെയാണ് ബ്ലോക്ക് ഭരണസമിതി രണ്ട് തവണ പൊതു പരിപാടി നടത്തിയത്. വികസനരേഖയുടെ ഒരുകോപ്പി മാത്രമാണ് പ്രകാശനം ചെയ്തത്. വികസനരേഖക്ക് ചെലവായ ലക്ഷക്കണക്കിന് രൂപ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.