വാടാനപ്പിള്ളി: മഴക്കാലത്ത് ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ ചേറ്റുവ ചുള്ളിപ്പടിയിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്‌നം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി കളക്ടർക്ക് കത്തുനൽകി. യു.ഡി.എഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ഇർഷാദ് കെ. ചേറ്റുവ, ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കൊട്ടിലിങ്ങൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.ബി. ബൈജു, സുമയ്യ സിദ്ധി എന്നിവർ എം.പിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എം.പി കത്ത് നൽകിയത്.
വർഷങ്ങളായി പഞ്ചായത്ത്, വില്ലേജ്, പൊലീസ്, എം.എൽ.എ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടും അമ്പതോളം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്ന വിഷയത്തിൽ യാതൊരു നടപടിയുമുണ്ടായില്ലെന്ന് നിവേദനത്തിൽ പറയുന്നു. സഞ്ചാരസ്വാതന്ത്ര്യം നിലനിറുത്തി കാനയുണ്ടാക്കി മുകളിൽ സ്ലാബ് നിർമിച്ച് വിഷയത്തിന് ശാശ്വതപരിഹാരം കാണണമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാര്യാട്ട്, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ വി.പി ലത്തീഫ് ഹാജി, ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഇർഷാദ് കെ. ചേറ്റുവ എന്നിവർ ആവശ്യപ്പെട്ടു