അരിമ്പൂർ: കുന്നത്തങ്ങാടിയിൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാകാത്തതിനെ തുടർന്ന് യുവാവ് റോഡരികിലെ ആട്ടോയിൽ സ്വയം ക്വാറന്റൈൻ തുടങ്ങി. കുന്നത്തങ്ങാടി കണോത്ത് വീട്ടിൽ സനൂപാണ് (24) 12 മണിക്കൂറിലധികമായി ആട്ടോയിൽ കഴിയുന്നത്. ഇന്നലെ കുന്നത്തങ്ങാടി സ്വദേശി ആളൂക്കാരൻ ജോർജ് (65) പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
ഇയാളുടെ കൊവിഡ് പരിശോധനയിൽ ഫലം പൊസിറ്റീവായതിനെ തുടർന്ന് ഇയാളുമായി സമ്പർക്കത്തിലേർപെട്ട വീട്ടുകാരോടും ബന്ധുക്കളോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. ഇതോടെ സമ്പർക്ക പട്ടികയിലുള്ള സനൂപിന് വീട്ടിലെ സാഹചര്യം പ്രതികൂലമായതിനാൽ ക്വാറന്റൈനിൽ പോകാനായില്ല. തുടർന്ന് രാത്രി തന്നെ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നാണ് യുവാവിന്റെ പരാതി. മരിച്ചയാളുടെ വീടിനു മുന്നിലെ റോഡിലാണ് യുവാവ് ഇപ്പോൾ ക്വാറന്റൈനിൽ കഴിയുന്നത്.
അതേസമയം ഒറ്റപ്പെട്ട കേസുകളിൽ ക്വാറന്റൈൻ ഒരുക്കാൻ അസൗകര്യം ഉണ്ടെന്നും, ആലോചിച്ച് നടപടി എടുക്കുമെന്നും അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് പറഞ്ഞു. മരിച്ചയാളുടെ പ്രാഥമിക കൊവിഡ് ടെസ്റ്റിൽ പൊസിറ്റീവ് ആണെങ്കിലും ആന്റിജൻ ടെസ്റ്റ് അടിസ്ഥാനത്തിലേ രോഗം സ്ഥിരീകരിക്കാനാവൂയെന്നും, യുവാവിനെ അംഗനവാടിയിൽ പ്രത്യേക ക്വാറന്റൈൻ കേന്ദ്രം ഏർപ്പെടുത്താനുള്ള നടപടി തുടങ്ങിയതായും അരിമ്പൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ പറഞ്ഞു.
ശക്തൻ മാർക്കറ്റ് അടച്ചിട്ടിട്ട് പത്ത് ദിവസം
തുറക്കാൻ നടപടി സ്വീകരിക്കണം
തൃശൂർ : ചുമട്ടുതൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിലെ തിരക്കുള്ള ശക്തൻ മാർക്കറ്റ് അടച്ചിട്ടിട്ട് പത്ത് ദിവസം പിന്നിട്ടു. അണുനശീകരണം പൂർത്തിയാക്കി മാർക്കറ്റ് തുറക്കണമെന്ന് വ്യാപാരികൾ. കഴിഞ്ഞ 31 നാണ് ചുമട്ട് തൊഴിലാളികൾക്ക് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതേത്തുടർന്ന് മാർക്കറ്റ് അടച്ചിടുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനകളിൽ ശക്തൻ മാർക്കറ്റുമായി ബന്ധപ്പെട്ട് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ മാർക്കറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെന്ന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും തീരുമാനിച്ചു. രോഗവ്യാപനം കൂടിയതോടെ ക്ലസ്റ്റർ വരെ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയും ദിവസമായതോടെ കടകൾ തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
നിലവിൽ ശക്തൻ ക്ലസ്റ്ററിൽ നിന്ന് നാൽപ്പതിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ നഗരത്തിന് പുറത്ത് പച്ചക്കറി ഇറക്കി ഓർഡർ പ്രകാരം കടകളിലേക്കെത്തിച്ച് കൊടുക്കുന്ന സംവിധാനമാണ് നിലനിൽക്കുന്നത്. മാർക്കറ്റ് തുറക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ കളക്ടറെ സമീപിച്ചു.