ചാലക്കുടി: പരിസ്ഥിതി ആഘാതം വിലയിരുത്താതെ വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ അനുമതി നൽകുന്ന ഇ.ഐ.എ 2020 നിയമം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. കേന്ദ്ര പരിസ്ഥിതി കാര്യാലയ മന്ത്രി പ്രകാശ് ജാവേദ്കർക്കയച്ച ഇമെയിൽ സന്ദേശത്തിലായിരുന്നു ആവശ്യം.

പരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഒരു പ്ലാന്റ് മുൻകൂർ അനുമതിയില്ലാതെ എവിടെ വേണങ്കിലും ആരംഭിക്കാൻ സാധിക്കുന്ന രീതിയിൽ നിയമനിർമ്മാണം നടത്തുന്നത് വിചിത്രമാണ്. നശിക്കുന്ന പശ്ചിമഘട്ട മലനിരകളെ ഇതു കൊന്നൊടുക്കുമെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. കൊവിഡ് കാലത്തെ മറ ഉപയോഗിച്ച് കുത്തകകളെ മാത്രം സഹായിക്കുന്ന ഇത്തരം നടപടികളിൽ ജനരോഷം ഉയരണം. മണ്ണും ജലവും മലിനമാക്കുകയും മനുഷ്യന് ജീവിക്കാൻ പറ്റാത്ത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം കരിനിയമങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എൽ.ജെ.ഡി പ്രസിഡന്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.