കൊമ്പൊടിഞ്ഞാമാക്കൽ: ചരക്കുമായെത്തിയ ലോറി ഡ്രൈവർ കൊവിഡ് ബാധിച്ച് മരിച്ചതോടെ മുകുന്ദപുരം താലൂക്ക് സപ്ലൈകോ ഗോഡൗണിലെ പ്രവർത്തനം പ്രതിസന്ധിയിൽ. 10 ചുമട്ടു തൊഴിലാളികൾ നിരീക്ഷണത്തിലായി. അണുനശീകരണത്തിനായി അടച്ച ഗോഡൗൺ ഇന്ന് തുറക്കും. വിവരമറിഞ്ഞതോടെ പരിഭ്രാന്തിയിലായ ലോഡിംഗ് തൊഴിലാളികൾ തിങ്കളാഴ്ച കയറ്റിറക്ക് ജോലി നിറുത്തിവച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന അരിമ്പൂർ സ്വദേശിയാണ് കഴിഞ്ഞദിവസം മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാലക്കുടി എഫ്.സി.ഐ വെയർഹൗസിൽ നിന്നും റേഷൻ കടകളിലേക്കുള്ള ഭക്ഷ്യധാന്യം മുകുന്ദപുരം താലൂക്ക് ഗോഡൗണിലേക്കെത്തിയത്. അന്നേദിവസം ലോഡിറക്കിയ പത്ത് തൊഴിലാളികളെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചു. നൂറോളം ജീവനക്കാരാണ് പ്രതിദിനം ഈ ഗോഡൗണിൽ ജോലി ചെയ്യുന്നത്. ഓണത്തോടനുബന്ധിച്ച് താലൂക്കിലെ റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളുൾപ്പെടെയാണ് ഗോഡൗണിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ആശങ്കാകുലരായ ജീവനക്കാർ പ്രതിഷേധിച്ചതോടെ പഞ്ചായത്ത് അധികൃത‌രുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും,​ ഗോഡൗൺ അടച്ച് അണുവിമുക്തമാക്കുകയും ചെയ്തു. നാളെ ഗോഡൗൺ പ്രവർത്തനം പുനരാരംഭിക്കും. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ,​ വൈസ് പ്രസിഡന്റ് എ.ആർ ഡേവിസ്,​ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ നിക്സൻ,​ ഹെൽത്ത് ഇൻസ്പെക്ടർ ജോബി,​ പി.എച്ച്.സി ഡോ. ശ്രീവത്സൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്.