ചാലക്കുടി: പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 413 മീറ്ററായി കുറഞ്ഞു. ഇതു സംഭരണ ശേഷിയുടെ 35 ശതമാനമാണ്. ഇതോടെ എമർജൻസി ഗേറ്റുകളിൽ ഒന്ന് അടച്ചു. രണ്ടാമത്തേത് ഉടൻ അടയ്ക്കുമെന്നാണ് വിവരം. നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രണ്ടു സ്ലൂയിസ് വാൽവുകളിലൂടെ വെള്ളം പുഴയിലേക്ക് ഒഴുക്കിയതാണ് ജലനിരപ്പ് കുറയ്ക്കാൻ ഇടയാക്കിയത്. ഡാമിന്റെ സംഭരണ ശേഷി 424ഉം ഷട്ടറുകളുടെ ഉയരം 419.40 മീറ്ററുമാണ്.
പ്രളയത്തിനു ശേഷം അടയ്ക്കാതെ കിടക്കുന്ന ഏഴു ഷട്ടറുകളിലൂടെയും വെള്ളം ചെറിയ അളവിൽ പുഴയിലേക്ക് ഒഴുകുന്നുണ്ട്. ഇതേസമയം ഷോളയാർ ഡാമിൽ 74 ശതമാനം വെള്ളമുണ്ട്. നിറഞ്ഞു കൊണ്ടിരിക്കുന്ന തമിഴ്‌നാട് ഷോളയാർ ഡാമിൽ നിന്നും ഇടയ്ക്കിടെ കേരള ഷോളയാറിലേക്ക് വെള്ളം തുറക്കുന്നുണ്ട്. മഴ തുടർന്നാൽ അപകടാവസ്ഥ ഒഴിവാക്കുന്ന നടപടിയാണ് പൊരിങ്ങൽക്കുത്ത് ഡാമിലെ പരമാവധി വെള്ളം കുറയ്ക്കൽ.