mini

തൃശൂർ (ഒല്ലൂർ): ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കാവശ്യമായ രേഖ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും പുത്തൂർ വില്ലേജ് ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെ വനിതാ വില്ലേജ് ഓഫീസർ സി.എൻ. സീമ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പുത്തൂർ വില്ലേജ് ഓഫീസിലായിരുന്നു സംഭവം.

ലൈഫ് പദ്ധതിക്കായി വില്ലേജ് ഓഫീസിൽ നിന്നു കിട്ടേണ്ട രേഖകൾ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ ഭരണസമിതി വില്ലേജിലെത്തിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. ഷാജി, അംഗങ്ങളായ ശിവൻ, ഗോപി കുറ്റിക്കൽ എന്നിവരും കൂടെയുണ്ടായിരുന്നു. വില്ലേജ് ഓഫീസറോട് കാര്യങ്ങൾ തിരക്കിയെങ്കിലും നിഷേധാത്മക മറുപടിയാണ് ലഭിച്ചതെന്നാണ് പ്രസിഡന്റ് പറയുന്നത്. തുടർന്നാണ് പ്രസിഡന്റും അംഗങ്ങളും വില്ലേജ് ഓഫീസറുടെ മുറിയിൽ കുത്തിയിരുന്നത്. ഒല്ലൂർ പൊലീസ് എത്തി സമരക്കാരുമായി ചർച്ച നടത്തി. തഹസിൽദാരുമായും പൊലീസ് ബന്ധപ്പെട്ടു. ഇതിനിടെയാണ് സീറ്റിൽ നിന്ന് എഴുന്നേറ്റുപോയ വില്ലേജ് ഓഫീസർ ബ്ലേഡുമായിവന്ന് കൈഞരമ്പ് മുറിച്ചത്. പൊലീസ് ഉടനെ ഇവരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുറിവ് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ഓൺലൈനായാണ് നൽകേണ്ടത്. അതിനുള്ള വെബ്‌സൈറ്റ് രണ്ട് ദിവസമായി പ്രവർത്തിപ്പിക്കാനാകുന്നില്ല. എങ്കിൽ,​ കൈപ്പടയിൽ എഴുതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. അടുത്തിടെ വില്ലേജ് ഓഫീസറെ എരനെല്ലൂർ വില്ലേജ് ഓഫീസിലേക്കു സ്ഥലം മാറ്റിയിരുന്നു. അവിടേക്ക് പോകുംമുമ്പ് എല്ലാം തീർക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു.

''മാനസികമായി പീഡിപ്പിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ചെയ്തത്. വളരെ വിസ്തൃതിയുള്ള വില്ലേജാണിത്. നിരവധി അപേക്ഷകളും ഉണ്ടായിരുന്നു. ഇതിനിടയിൽ സെർവർ തകരാറിലായി. ഇത് പഞ്ചായത്ത് അധികൃതരെ ബോദ്ധ്യപ്പെടുത്തിയിട്ടും തട്ടിക്കയറുകയായിരുന്നു.


-സി.എൻ സീമ

വില്ലേജ് ഓഫീസർ പുത്തൂർ