തൃശൂർ: മഴ കുറഞ്ഞതോടെ തീരമേഖലയ്ക്ക് ആശ്വാസത്തിന്റെ ദിനം. ജില്ലയിൽ ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യമായ തോതിൽ മഴ പെയ്തില്ല. കടൽക്ഷോഭ ഭീഷണി നേരിടുന്ന പഞ്ചായത്തുകളായ എറിയാട്, എടവിലങ്ങ്, ശ്രീനാരായണ പുരം പഞ്ചായത്തുകളിൽ കടലേറ്റവും കുറഞ്ഞു. ഒരാഴ്ചയായി നിറുത്താതെ പെയ്ത മഴയിൽ കൊടുങ്ങല്ലൂർ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
മഴ കുറഞ്ഞെങ്കിലും വെള്ളം പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല. കനോലി കനാലിലും വെള്ളം താഴ്ന്നു തുടങ്ങിയത് ആശ്വാസം പകരുന്നുണ്ട്. എന്നാൽ മഴയെത്തിയാൽ വെള്ളം കയറുമെന്ന ഭീതിയിലുള്ള പ്രദേശം ഇപ്പോഴുമുണ്ട്. കയ്പമംഗലം ചളിങ്ങാട് അമ്പല നട കിഴക്ക് 25 കുടുംബങ്ങൾ ഇപ്പോഴും വെള്ളക്കെട്ട് ഭീഷണിയിലാണ്.
ചെറുറോഡുകളിൽ ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. വെള്ളക്കെട്ടും കടൽക്ഷോഭവുമുള്ള പ്രദേശങ്ങളിലെ ആളുകളെ നേരത്തെ മാറ്റിപ്പാർപ്പിച്ചിരുന്നു. കൊടുങ്ങല്ലൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ക്യാമ്പുകളിലായി 14 പുരുഷന്മാരും 20 സ്ത്രീകളും 14 കുട്ടികളും ഉൾപ്പെടെ 12 കുടുംബങ്ങളിലായി 54 പേരാണുള്ളത്. എടവിലങ്ങ് കാര ഗവ. ഫിഷറീസ് സ്‌കൂളിൽ മൂന്ന് കുടുംബങ്ങളിലായി 11 പേർ. ഇതിൽ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടും.
പെരിഞ്ഞനം ഈസ്റ്റ് യു.പി സ്‌കൂളിൽ മൂന്ന് കുടുംബങ്ങളിലായി മൂന്ന് പുരുഷന്മാരും ഒമ്പത് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ 17 പേരുണ്ട്. എടത്തിരുത്തി ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിൽ ആറ് കുടുംബങ്ങളിലായി എട്ട് പുരുഷന്മാരും 8 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടെ 26 പേരാണുള്ളത്. എടത്തിരുത്തി മുതൽ കാക്കാത്തിരുത്തി വരെയാണ് കനാൽ നിറഞ്ഞ് പ്രദേശം വെള്ളക്കെട്ടിലായത്. എടത്തിരുത്തി പൈനൂർ, പല്ല, മഠത്തിക്കുളം, കോഴിത്തുമ്പ്, അയ്യംപടി കോളനി, നമ്പ്രാട്ടിച്ചിറ, കൂരിക്കുഴി സലഫി സെന്റർ, കാളമുറി കിഴക്കേ ഭാഗം, വഴിയമ്പലം കിഴക്ക് ചളിങ്ങാട് ഓർമ വളവ്, ചളിങ്ങാട് പള്ളി കിഴക്ക് എന്നീ പ്രദേശങ്ങളിലും അഴീക്കോട് സൂനാമി കോളനി മുതൽ മതിലകം കൂളിമുട്ടം വരെ കടൽ ക്ഷോഭ ഭീതിയിൽ കഴിയുന്ന പ്രദേശങ്ങളിലും സ്ഥിതി ശാന്തമാണ്.