ചാവക്കാട്: കൊവിഡ് മഹാമാരി മൂലം സാമൂഹിക വ്യാപനം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയപാത ഹിയറിംഗ് നടത്താനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എൻ.എച്ച്. ആക്‌ഷൻ കൗൺസിൽ തൃശൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. കൊവിഡ് ഭീഷണിയിലും പ്രളയക്കെടുതിയിലും ജനങ്ങൾ വിറങ്ങലിച്ച് നിൽക്കേ ഹിയറിംഗ് ആരംഭിക്കാനുള്ള നീക്കം മനുഷ്യത്വ രഹിതമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കൊവിഡ് മാനദണ്ഡ പ്രകാരം പ്രായമേറിയവർ പുറത്തിറങ്ങരുതെന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർശന നിർദേശങ്ങൾ നിലനിൽക്കെയാണ് ജനങ്ങളെ നിർബന്ധിച്ച് പുറത്തിറക്കാൻ ദേശീയപാതാ അധികൃതരും സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.

പാലിയേക്കരയിലെ വൻ അഴിമതിക്കെതിരെ സി.ബി.ഐ കേസെടുത്ത സാഹചര്യത്തിൽ പദ്ധതിക്ക് പിന്നിലെ രഹസ്യം പുറത്തായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം അഴിമതിക്കായി ജനങ്ങളെ കുടിയിറക്കാൻ നടത്തുന്ന ഹിയറിംഗുമായി സഹകരിക്കേണ്ടതില്ലെന്ന് എൻ.എച്ച് ആക്‌ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ എ.ജി. ധർമ്മരത്‌നം, ജില്ലാ കൺവീനർ സി.കെ. ശിവദാസൻ, സംസ്ഥന ചെയർമാൻ ഇ.വി. മുഹമ്മദലി എന്നിവർ അറിയിച്ചു.