ചാലക്കുടി: കൊവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചാലക്കുടി നഗരസഭാ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകളുടെ വാടക ഒഴിവാക്കുന്നതിന് കൗൺസിൽ യോഗം തീരുമാനിച്ചു. വി.ജെ. ജോജി ഉന്നയിച്ച ആവശ്യത്തിന്മേൽ നടന്ന ചർച്ചയിലായിരുന്നു വാടക ഒഴിവാക്കുന്ന കാര്യം തത്വത്തിൽ അംഗീകരിച്ചത്.

ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകളുടെ വാടക ഒഴിവാക്കണമെന്നായിരുന്നു വാർഡ് കൗൺസിലർ ആവശ്യപ്പെട്ടത്. എന്നാൽ നഗരസഭയുടെ മറ്റു കെട്ടിടത്തിലെ കടയുടമകൾക്കും ഇത് ബാധകമാക്കണമെന്ന് വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ നിർദ്ദേശിച്ചു. പ്രളയകാലത്ത് രണ്ടു മാസവും കൊവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ മൂന്നു മാസങ്ങളിലും എല്ലാ കടയുടമകളുടെയും വാടക ഒഴിവാക്കിയിരുന്നുവെന്ന് വൈസ് ചെയർമാൻ വ്യക്തമാക്കി.

നഗരസഭയുടെ തീരുമാനത്തിന് വൈകിയാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇത്തവണ വാടക ഒഴിവാക്കുന്നത് സംബന്ധിച്ച് മർച്ചന്റ്സ് അസോസിയേഷനുമായി ചർച്ച നടത്തി, ഉടൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കുമെന്നും വൈസ് ചെയർമാൻ അറിയിച്ചു. നിർമ്മാണം പൂർത്തിയാകുന്ന നഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കുഴൽ കിണർ നിർമ്മിക്കുന്നതിന് യോഗം തീരുമാനിച്ചു.

മാർക്കറ്റ് ശുചീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പത്ത് കുടുംബശ്രീ പ്രവർത്തകരെ പോട്ടയിലെ ഖരമാലിന്യ പ്ലാന്റിലെ ജോലികൾക്കായി നിയോഗിച്ചു. കെ.എസ്.ആർ.ടി.സി റോഡിൽ നിന്നും പുഴയിലേക്ക് കാന നിർമ്മിക്കുന്ന പ്രവർത്തനം പുനരാരംഭിക്കുന്നതിന് നാട്ടുകാരുമായി ധാരണയുണ്ടാക്കാനും യോഗത്തിൽ തീരുമാനമായി. ചെയർപേഴ്‌സ്ൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, പി.എം. ശ്രീധരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

മറ്റ് തീരുമാനങ്ങൾ

ഇൻഡോർ സ്റ്റേഡിയത്തിൽ കുഴൽ കിണർ നിർമ്മിക്കും

പത്ത് കുടുംബശ്രീ പ്രവർത്തകരെ ഖരമാലിന്യ പ്ലാന്റിലേക്ക്

കെ.എസ്.ആർ.ടി.സി റോഡിലെ കാന നിർമ്മാണത്തിന് മുൻകൈയെടുക്കും