mala-treasury
പൂട്ടിക്കിടക്കുന്ന മാളയിലെ സബ് ട്രഷറി

മാള: മുന്നറിയിപ്പില്ലാതെ മാളയിലെ സബ് ട്രഷറി പൂട്ടിയത് ഗുണഭോക്താക്കളെ വെട്ടിലാക്കി. പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകാതെ ട്രഷറി ഓഫീസ് കെട്ടിടത്തിൽ നോട്ടീസ് പതിച്ചാണ് ഉദ്യോഗസ്ഥർ സ്ഥലം വിട്ടത്. പ്രതികൂല സാഹചര്യത്തിൽ പ്രളയ ഭീഷണി ഒഴിവാക്കുന്നതിന് ഇരിങ്ങാലക്കുട ജില്ലാ ട്രഷറിയിലേക്ക് പ്രവർത്തനം താത്കാലികമായി മാറ്റുന്നുവെന്നാണ് നോട്ടീസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇക്കാര്യം മാദ്ധ്യമങ്ങളിലൂടെ അറിയിക്കാൻ പോലും തയ്യാറാകാതെയാണ് ഒറ്റ രാത്രിയിൽ പ്രവർത്തനം മാറ്റിയത്.

തലേന്ന് നൽകിയ ചെക്കിന്റെ സ്ഥിതി അറിയാൻ എത്തിയവർ പൂട്ടിയിട്ട ട്രഷറിയാണ് കണ്ടത്. ചെക്ക് നൽകിയത് അന്വേഷിക്കാൻ എത്തിയ കുരുവിലശ്ശേരി സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ സനീഷ് എത്തിയപ്പോൾ മുന്നറിയിപ്പില്ലാതെ പൂട്ടിയ ട്രഷറി കണ്ട് മടങ്ങിപ്പോകേണ്ടിവന്നു. വെള്ളക്കെട്ടും നിർമ്മാണ അപാകതയും കാരണം വിവാദത്തിലായ ട്രഷറി വീണ്ടും അന്നമനടയിലേക്ക് മാറ്റണമെന്നുള്ള ആവശ്യം നിലനിൽക്കുന്നതിനിടെയാണ് ഇരിങ്ങാലക്കുടയിലേക്കുള്ള മാറ്റം.

അന്നമനടയിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറിയാണ് മാളയിൽ സ്വന്തം സ്ഥലത്തേക്ക് മാറ്റിയത്. ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്നാണ് മാളയിൽ ട്രഷറി ആരംഭിച്ചത്. എന്നാൽ ഇതിനായി ഏറ്റെടുത്ത സ്ഥലത്തെ സംബന്ധിച്ചാണ് തുടർന്നുള്ള വിവാദങ്ങൾ നടന്നത്. വേണ്ടത്ര പരിശോധന നടത്താതെയാണ് കെട്ടിടം നിർമ്മിച്ചതെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ട്രഷറി കെട്ടിടത്തിലേക്ക് വെള്ളം കയറിയതുകൂടാതെ ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തെ വെള്ളക്കെട്ടും പരാതികൾക്ക് ഇടയാക്കിയിരുന്നു.

ജോസഫ് തട്ടകത്ത് സൗജന്യമായി ട്രഷറി വകുപ്പിന് നൽകിയ സ്ഥലത്ത് നിന്ന് ഇനി മാറ്റുന്നതും നിയമ നടപടികൾക്ക് ഇടയാക്കിയേക്കും. ട്രഷറി വീണ്ടും അന്നമനടയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്നമനട പഞ്ചായത്ത് പ്രമേയം പാസാക്കി സർക്കാരിന് നൽകിയത് നടപടികളിലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രാദേശിക വാദം ഉയർത്തി ട്രഷറി സ്വന്തം തട്ടകത്തിൽ വേണമെന്ന ആവശ്യം ഉന്നയിക്കുന്നത് പൊതുനിലപാടിന് തടസമാകുന്നുണ്ട്. മാളയിൽ നിന്ന് സബ് ട്രഷറി ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയ ശേഷം മാത്രമാണ് മാള ഗ്രാമപഞ്ചായത്ത് രംഗത്ത് വന്നിട്ടുള്ളത്.

വെള്ളക്കെട്ട് കാരണം ട്രഷറി പ്രവർത്തനത്തിന് പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റണമെന്ന് മാള പഞ്ചായത്ത് ഭരണസമിതി ജില്ലാ ട്രഷറി ഓഫീസറോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മാളയിലെ ട്രഷറി ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ജോയ് മണ്ടകത്ത് പ്രതിഷേധിച്ചു.

വെള്ളക്കെട്ടുള്ള സ്ഥലത്ത് അശാസ്ത്രീയമായാണ് ട്രഷറി കെട്ടിടം നിർമ്മിച്ചത്. കാന നിർമ്മാണത്തിലൂടെ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല. സബ് ട്രഷറി മിനി സിവിൽ സ്റ്റേഷനിലേക്ക് താത്കാലികമായി മാറ്റണം

- ബി.ജെ.പി