തൃശൂർ: ഇന്ന് ലോക ഗജദിനം ആചരിക്കുമ്പോൾ വെല്ലുവിളിയായി നാട്ടാന പരിപാലനം. ആന പാപ്പാന്മാരെയും, ഉടമകളെയും കൊവിഡ് പ്രതിസന്ധിയിലാക്കുകയാണ്. സംസ്ഥാനത്തെ 490ഓളം ആനകളിൽ കൂടുതലും ക്ഷേത്രങ്ങൾക്കും (ദേവസ്വം ബോർഡ്), സ്വകാര്യ വ്യക്തികൾക്കും കീഴിലാണുള്ളത്. ശേഷിക്കുന്നവ വനം വകുപ്പിന് കീഴിലും.
ഒക്ടോബർ മുതൽ ക്ഷേത്രോത്സവങ്ങൾ, ക്രിസ്ത്യൻ, മുസ്‌ലിം പള്ളിപ്പെരുന്നാളുകൾ തുടങ്ങി മേയ് ആദ്യവാരം വരെയാണ് കേരളത്തിലെ പതിവ് ഉത്സവാഘോഷങ്ങൾ. എന്നാൽ ഈ വർഷം കൊവിഡ് മൂലം മിക്ക ഉത്സവാഘോഷങ്ങളും ഉപേക്ഷിക്കപ്പെട്ടു. മാർച്ച് 24ന് ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇതുവരെ കടുത്ത പ്രതിസന്ധിയാണ് നാട്ടാന പരിപാലത്തിൽ നേരിടുന്നത്.
ഇതിനിടയിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദേവസ്വങ്ങളും ആനഉടമകളും മികച്ച പരിപാലനം ഉറപ്പാക്കാൻ സംസ്ഥാനത്ത് ശ്രമിക്കുന്നുണ്ട്. പലരും കടം വാങ്ങിയും വായ്പയെടുത്തുമാണ് ആനകളെ സംരക്ഷിക്കുന്നത്.
ദിവസച്ചെലവ് 4000 - 5000
ഒരു ആനയെ പരിചരിക്കുന്നതിനായി ഏകദേശം 4000- 5000 രൂപ പ്രതിദിനം ചെലവ് വരും. (ആനയുടെ തീറ്റ, പോഷകാഹാരം, മദക്കാല പരിചരണം, മരുന്ന്, പാപ്പാന്മാരുടെ ബത്ത സഹിതം). ഇത്തരത്തിൽ ഒരു നാട്ടാനയെ പരിചരിക്കുന്നതിന് ഒരു വലിയ തുക മാസത്തിൽ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഒരാനയ്ക്ക് ഒരു ദിവസം 200 മുതൽ 250 കിലോഗ്രാം ഖരാഹാരം (പനമ്പട്ട/ തീറ്റപ്പുല്ല് ), 250- 300 ലിറ്റർ വെള്ളവും ആവശ്യമാണ്.
ശാരീരിക പ്രശ്‌നങ്ങൾ
ലോക് ഡൗൺ കാലഘട്ടത്തിൽ ആനകളുടെ വ്യായാമക്കുറവ് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. ഉത്സവങ്ങളോ, സഞ്ചാരമോ ഇല്ലാതെ കെട്ടുംതറിയിൽ നിൽക്കുന്ന അവസ്ഥ ആരോഗ്യകരമല്ല. ആനകളുടെ നടത്തം ആരോഗ്യത്തിനും രക്തചംക്രമണത്തിനും, ദഹനപ്രക്രിയയ്ക്കും അത്യന്താപേക്ഷിതമാണ്.
സുഖചികിത്സ
മൺസൂൺകാലം ഒട്ടുമിക്ക ആനകൾക്കും സുഖചികിത്സ നടത്തുന്ന കാലമാണ്. കൂടാതെ കൂടുതൽ ആനകളും മദപ്പാടിലാവുന്ന കാലവും. പതിവ് പനമ്പട്ട, തീറ്റപ്പുല്ല് എന്നിവ കൂടാതെ ഉണങ്ങലരിച്ചോറ്, മുതിര, റാഗി, ചെറുപയർ, മഞ്ഞൾപ്പൊടി, ആയുർവേദ/ അലോപ്പതി മരുന്നുകൾ, ച്യവനപ്രാശം, അഷ്ടചൂർണം, ഷാർക്കെഫറോൾ (ഹീമോ ഗ്ലോബിൻ വർദ്ധനവിന് ), ലവണ മിശ്രിതങ്ങൾ, ഉപ്പ്,നെയ്യ് എന്നിവയാണ് നൽകാറുള്ളത്.
കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത വർഷത്തെ ഉത്സവസീസനും ആശങ്കയുടെ മുൾമുനയിലാണ്. സാമ്പത്തികപ്രതിസന്ധിയിൽ ആനകളെ പരിചരിച്ചു എങ്കിലും വരും കാലങ്ങളിൽ സർക്കാർ സഹായമോ (വായ്പ), നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതികളോ കൂടിയാലോചിച്ച് രൂപം നൽകണം.
- ആനയുടമകൾ)
സർക്കാർ നൽകിയത്
ഓരോ ആനയ്ക്കും 16,000 രൂപ എന്ന തോതിൽ (പ്രതിദിനം 400 രൂപ വീതം) 40 ദിവസത്തേക്കുള്ള റേഷൻ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. അരി, റാഗി, ചെറുപയർ, മുതിര, ശർക്കര, മറ്റു ധാന്യങ്ങൾ, ഉപ്പ്, മഞ്ഞൾ എന്നിങ്ങനെ പോഷകാഹാരങ്ങൾ എന്നിങ്ങനെയാണ് റേഷനിൽ പ്രത്യേകം ഉൾപ്പെടുത്തിയിരുന്നത്.
നാട്ടാന സംരക്ഷണം ഉറപ്പ് വരുത്തണം
നാട്ടാനകളുടെ സംരക്ഷണം, പരിചരണം എന്നിവയ്ക്കായി സ്‌പെഷ്യൽ പാക്കേജ്, വിവിധ സർക്കാർ സംവിധാനങ്ങൾ വഴി ആനകൾക്കായുള്ള സ്‌പെഷ്യൽ റേഷൻ പദ്ധതി, ആനപാപ്പാന്മാർക്ക് വേതനം, അടിയന്തര ചികിത്സ, കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പിന്തുണ ലഭിക്കാൻ വായ്പ ലഭ്യമാക്കുന്ന മാർഗ്ഗങ്ങൾ
(ആന ഗവേഷകൻ മാർഷൽ സി. രാധാകൃഷ്ണൻ ചെന്നൈയിൽ നടന്ന വീഡിയോ കോൺഫറൻസിൽ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ)