കാഞ്ഞാണി: തൃശൂർ - വാടാനപ്പിള്ളി സംസ്ഥാന പാതയിൽ കാഞ്ഞാണി പെരുമ്പുഴ പാലത്തിൽ വൻ ദുരന്തം ഒഴിവായി. മണലൂർ പഞ്ചായത്തിനെയും അരിമ്പൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പെരുമ്പുഴ പാലത്തിന്റെ തെക്ക് വശം ചരിഞ്ഞ് നിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധികൃതരെ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം ചാവക്കാട് സബ് ഡിവിഷൻ എൻജിനിയർ രാജന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ചെരിഞ്ഞ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് ഒഴിവാക്കി.
തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് തൃശൂർ ജില്ല ഉൾപ്പെടുന്ന പി.ഡബ്ല്യൂ.ഡി എറണാകുളം ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ഷിജി കരുണാകരൻ, അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ വി.കെ. സന്തോഷ്കുമാർ, അസി. എൻജിനിയർ എം.പി. രാജൻ എന്നിവർ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി വള്ളത്തിലൂടെ സഞ്ചരിച്ച് ബലക്ഷയം പരിശോധിച്ചു.
പാലത്തിന് 72 വർഷം പഴക്കമുള്ളതിനാൽ ഗാർഡുകൾക്ക് ബലക്ഷയം സംഭവിച്ചതാണ് അപകടസ്ഥയ്ക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. ഒന്നരമാസമായി പാലത്തിന്റെ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തതിനാൽ രാത്രിയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുക പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിലായ പാലത്തിലൂടെയാണ് ചരക്കുവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോയിരുന്നത്.
സംസ്ഥാന പാത വികസന പദ്ധതിയുടെ ഭാഗമായി നടത്താനിരുന്ന പാലങ്ങളുടെ അറ്റകുറ്റപ്പണി ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. പാതയുടെ വികസനം നീളും തോറും പാലങ്ങൾക്ക് ബലക്ഷയം സംഭവിച്ച് വൻ ദുരന്തങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്കയിലാണ് പൊതുജനം.
അറ്റകുറ്റപ്പണി യഥസമയം നടത്താത്തത് മൂലമുള്ള ബലക്ഷയമാണ് പാലം ചരിഞ്ഞതിന് കാരണം. ഇതിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് അപകടകരമാണ്. കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് കാര്യങ്ങൾ തിരുമാനിക്കും.
- ഷിജി കരുണാകരൻ, ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ, എറണാകുളം