തൃശൂർ: ജലനിരപ്പ് ഉയർന്നതോടെ പൊരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ചൊവ്വാഴ്ച വൈകീട്ട് ആറിന് തുറന്നു. ഇതേത്തുടർന്ന്, ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. വൈകീട്ട് ആറിന് ജലനിരപ്പ് 420.20 മീറ്ററായപ്പോഴാണ് തുറന്നത്. നിലവിൽ ക്രസ്റ്റ് ഗേറ്റുകൾ വഴി സെക്കൻഡിൽ 103.06 ക്യുബിക് മീറ്റർ ജലവും സ്ലൂയിസ് വഴി സെക്കൻഡിൽ 183.33 ക്യുബിക് മീറ്റർ ജലവും പുഴയിലേക്ക് ഒഴുകുന്നു. ആറിന് സ്ലൂയിസ് തുറക്കുമ്പോൾ സംഭരണശേഷിയുടെ 68.59 ശതമാനം ജലം ഡാമിലുണ്ടായിരുന്നു. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഡാമിന്റെ രണ്ട് സ്ലൂയിസുകളും തിങ്കളാഴ്ച അടച്ചിരുന്നു.
അസുരൻകുണ്ട് ഡാം
മുള്ളൂർക്കര പഞ്ചായത്തിലെ അസുരൻകുണ്ട് ഡാം, ജലനിരപ്പ് 8.2 മീറ്ററാക്കി നിലനിറുത്തി തുറക്കുന്നതിന് അനുമതി നൽകി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഉത്തരവിട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് 7.51 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാമിന്റെ റിസർവോയറിലെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ ചെയ്യുന്നതിനാൽ, ജലവിതാനം സംഭരണ ശേഷിക്ക് അടുത്തെത്തുകയാണ്. ഡാമിന്റെ പരമാവധി ജലവിതാനം 10 മീറ്ററാണ്.
ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന് ചേലക്കര പുഴയിലേക്കൊഴുക്കുന്നത് മൂലം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാദ്ധ്യതയുള്ളതിനാൽ ചേലക്കര, മുള്ളൂർക്കര, പാഞ്ഞാൾ പഞ്ചായത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. പുഴയിൽ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
ഡാമുകളിലെ ജലനിരപ്പ്
പീച്ചി- 74.72 മീറ്റർ (47.31 %)
ചിമ്മിണി- 69.97 മീറ്റർ (69.16%)
വാഴാനി- 55.66 മീറ്റർ (55%)
പൂമല ഡാം- 27.5 അടി
പത്താഴക്കുണ്ട്- 10.97 മീറ്റർ
അസുരൻകുണ്ട്- 7.51 മീറ്റർ