ചേർപ്പ്: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന എട്ടു മന വൈക്കേച്ചിറയിലെ ചീപ്പ് കഴ കെട്ടി അടയ്ക്കാൻ തീരുമാനം. ഹെർബർട്ട് കനാൽ ചെറിയ പാലത്തിന് സമീപം കരുവന്നൂർ പുഴയിൽ നിന്ന് കെ.എൽ.ഡി.സി കനാലിലൂടെ കൃഷിക്ക് വെള്ളം പോകുന്ന വൈക്കോച്ചിറ ചീപ്പ് അടക്കാത്തത് മൂലം താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലായിരുന്നു.
ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രദേശത്ത് സത്യഗ്രഹ സമരം നടന്നിരുന്നു. ഇതേത്തുടർന്ന് ഇറിഗേഷൻ വകുപ്പ് അധികൃതരുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും നടത്തിയ ചർച്ചയിൽ ചീപ്പ് അടയ്ക്കാൻ തീരുമാനിച്ചു. കനത്ത മഴയിൽ കഴിഞ്ഞ ദിവസം മുതൽ പുഴയിൽ വെള്ളം ഉയർന്നതിനാൽ എട്ടു മന, ഹെർബർട്ട് കനാൽ, മുത്തുള്ളിയാൽ, ചേർപ്പ് വെസ്റ്റ്, തോപ്പ്, പണ്ടാരച്ചിറ തുടങ്ങിയ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.
നിരവധി തവണ ചീപ്പ് അടക്കാൻ അധികൃരോട് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് സമരം നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സിദ്ധാർത്ഥൻ, പി.എച്ച്. ഉമ്മർ, പൊതുപ്രവർത്തകൻ കുട്ടികൃഷ്ണൻ നടുവിൽ, കെ.വി. ജയേഷ്, മൂസ ചേനം, ദിലീഷ് എട്ടു മന, എസ്.എം. സാദിഖ്, നിസാർ, പാർത്ഥസാരഥി, അശോകൻ കുണ്ടായിൽ ,ഉല്ലാസ്, ബൈജു എന്നിവർ നേതൃത്വം നൽകി.
പലക കൊണ്ടുള്ള ചീപ്പ് അടക്കാത്തത് മൂലം മുൻ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ നിരവധി വീടുകളാണ് പ്രദേശങ്ങളിൽ വെളപ്പൊക്ക ഭീഷണി നേരിട്ടത്.