തൃശൂർ: നഗരത്തിൽ സമ്പൂർണ കുടിവെള്ള കണക്ഷൻ നൽകുന്നതിന്റെ ഭാഗമായി നാൽപ്പതിനായിരം വീടുകളിൽ കുടിവെള്ള കണക്ഷൻ എത്തിക്കാൻ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 800 പേർക്ക് സൗജന്യ കണക്ഷൻ നൽകും. രണ്ടാംഘട്ടത്തിൽ പട്ടികജാതി പട്ടികവർഗത്തിൽ പെട്ടവർ, മിച്ചഭൂമിയിൽ താമസിക്കുന്നവർ, ലക്ഷംവീട് കോളനി, നാല് സെന്റ് കോളനി, സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെട്ടവർ തുടങ്ങിയവർക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകും. മൂന്നാംഘട്ടത്തിൽ ബാക്കിയുള്ളവർക്ക് 5000 രൂപ വീതം സബ്‌സിഡി നൽകുന്നതിനും കൗൺസിൽ തീരുമാനിച്ചു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 1200 പേർക്ക് ഇതിനകം കുടിവെള്ള കണക്ഷൻ ലഭ്യമാക്കി കഴിഞ്ഞു. ബാക്കി വരുന്ന 800 പേർക്കാണ് കുടിവെള്ളം ലഭ്യമാക്കുക. ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപയാണ് 3000 പേർക്ക് കുടിവെള്ള കണക്ഷൻ നൽകാനായി ലഭ്യമാക്കിയിട്ടുള്ളത്. ബാക്കിവരുന്ന മുഴുവൻ പേർക്കും കോർപറേഷൻ തനത് ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് വാട്ടർ കണക്ഷൻ നൽകുമെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു.
ഭൂരഹിതരായവർക്ക് സ്വന്തമായി മൂന്ന് സെന്റ് സ്ഥലം നൽകി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചു നൽകും. ഭവനരഹിതരുടെയും ഭൂരഹിതരുടെയും അംഗീകൃത പട്ടികയിൽ നിന്നാണ് സൗജന്യ ഭൂമിക്ക് അർഹരായവരെ കണ്ടെത്തുക.