fish-market

തൃശൂർ: മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുളള നിയന്ത്രണം നീക്കിയാലും കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയിലെ മത്സ്യബന്ധനത്തിനും വിപണനത്തിനും ഏർപ്പെടുത്തിയിട്ടുളള കടുത്ത നിയന്ത്രണം തുടരുമെന്ന് കളക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.

മറ്റുജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുളള മത്സ്യബന്ധന യാനങ്ങൾക്ക് ജില്ലയിലേക്ക് പ്രവേശനം അനുവദിക്കില്ല. മത്സ്യബന്ധത്തിനായി കടലിൽ പോകുന്നവരുടെയും മത്സ്യക്കച്ചവടക്കാരുടെയും പട്ടിക തയ്യാറാക്കി അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഫിഷിംഗ് ഹാർബറുകളിൽ ഫിഷറീസ്, മത്സ്യഫെഡ്, ആരോഗ്യവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. മത്സ്യലേലത്തിനുള്ള നിരോധനം തുടരും. ഹാർബറുകളിൽ നിന്നും ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്നും മത്സ്യം വാങ്ങുന്നതിന് ചെറുകിട കച്ചവടക്കാർക്കുളള നിയന്ത്രണം തുടരും. വഴിയോര കച്ചവടം അനുവദിക്കില്ല. ജില്ലാ കടന്നുള്ള മത്സ്യവ്യാപാരത്തിനുളള നിരോധനവും തുടരും. നിയന്ത്രണം ലംഘിക്കുന്ന യാനങ്ങൾ പിടിച്ചെടുക്കുകയും സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിക്കുകയും ചെയ്യും. മലപ്പുറം, പട്ടാമ്പി തുടങ്ങി ജില്ലയ്ക്ക് സമീപമുളള കേന്ദ്രങ്ങളിൽ നിന്ന് മത്സ്യവിപണനത്തിനായി എത്തുന്നത് തടയാൻ അതിർത്തി റോഡുകളിൽ പരിശോധന കർശനമാക്കുമെന്ന് കളക്ടർ അറിയിച്ചു.