house
പാലപ്പിള്ളിയിൽ വെള്ളിയാഴ്ച കൈമാറുന്ന വീടുകൾ

ചാലക്കുടി: റീ ബിൽഡ് കേരളയുടെ ഭാഗമായി മേലൂർ പാലപ്പിള്ളിയിൽ നിർമ്മിച്ച 19 വീടുകളുടെ കൈമാറ്റം 14ന് നടക്കും. രാവിലെ 11ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു. ഗുണഭോക്താക്കളായ 19 കുടുംബങ്ങൾക്കുള്ള താക്കോൽദാനവും അദ്ദേഹം നിർവഹിക്കും.

മേലൂർ വില്ലേജിൽപ്പെടുന്ന 82 സെന്റ് പുറമ്പോക്ക് സ്ഥലം, അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ചാണ് പദ്ധതിയ്ക്ക് പ്രയോജനപ്പെടുത്തിയത്. 2018ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ടവവരാണ് ഗുണഭോക്താക്കൾ. മൂന്ന് സെന്റിൽ 400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് തെരെഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്നത്. റീ ബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്ത് പ്രളയ ദുരിതബാധിതർക്കായി നിരവധി വീടുകൾ നിർമ്മിച്ചു നൽകിയ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനാണ് അഞ്ച് ലക്ഷം രൂപ ചെലവുവരുന്ന വീടുകൾ നിർമ്മിച്ചത്. സ്ഥലത്തിന്റെ പട്ടയവും അന്നേ ദിവസം വിതരണം ചെയ്യുമെന്ന് ചാലക്കുടി തഹസീൽദാർ ഇ.എൻ. രാജു അറിയിച്ചു.

ചുറ്റുമതിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിന് എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും, വൈദ്യുതി, വാട്ടർ കണക്ഷൻ, ഇന്റെണൽ റോഡുകളുടെ നിർമ്മാണം എന്നിവയ്ക്കായി മേലൂർ പഞ്ചായത്ത് 16 ലക്ഷം രൂപയും നൽകി. കിഴക്കേ ചാലക്കുടി വില്ലേജിലെ പത്തും, മേലൂർ, പടിഞ്ഞാറെ ചാലക്കുടി വില്ലേജുകളിലെ മൂന്ന് വീതം കുടുംബങ്ങൾക്കുമാണ് വീട് ലഭിക്കുക. ആളൂർ, മറ്റത്തൂർ, വെള്ളിക്കുളങ്ങര വില്ലേജുകളിലെ ഓരോ കുടുംബങ്ങളും പട്ടികയിൽപ്പെടും.