jio-bag
ജിയോ ബാഗ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ പി.കെ. ബഷീർ ജില്ലാ കളക്ടർക്ക് നിവേദനം നൽകുന്നു.

ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ അഞ്ചങ്ങാടി വളവ് മുതൽ തെക്കോട്ട് വെളിച്ചെണ്ണപ്പടി വരെ രൂക്ഷമായ കടലാക്രമണം നടന്ന തീരദേശത്ത് നാൽപത്തിനാല് ലക്ഷം രൂപയുടെ ജിയോബാഗ് സംരക്ഷണ കവചം നിർമ്മിക്കുന്നതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഉടൻ പണി തുടങ്ങുമെന്ന് കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ പതിനൊന്നാം വാർഡ് മെമ്പറുമായ പി.കെ. ബഷീർ അറിയിച്ചു. കടൽക്ഷോഭം മൂലം പ്രദേശത്തെ അഹമ്മദ് കുരുക്കൾ റോഡ് ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ്. കടപ്പുറം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് കടൽ വെള്ളം റോഡ് കവിഞ്ഞ് കിഴക്കോട്ടൊഴുകി വ്യാപകമായി കുടിവെള്ളം മലിനമാകുകയും കൃഷികൾ നശിക്കുകയും മണ്ണ് കയറി റോഡ് ഗതാഗതം നിശ്ചലമാകുകയും ചെയ്തിരുന്നു.

കടൽക്ഷോഭ ദുരിത പ്രദേശത്ത് കഴിഞ്ഞ ദിവസം മന്ത്രി എ.സി. മൊയ്തീൻ,​ ടി.എൻ. പ്രതാപൻ എം.പി, കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ജില്ലാ കളക്ടർ ഷാനവാസ് തുടങ്ങിയവർ സന്ദർശിച്ചിരുന്നു. തുടർന്നാണ് ജിയോ ബാഗ് നിർമ്മാണത്തിന് 44 ലക്ഷം രൂപ അനുവദിച്ചത്.

കഴിഞ്ഞ ദിവസം ടെണ്ടർ നടപടികൾ പൂർത്തിയായതായി ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ജിയോ ബാഗ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം യുദ്ധകാലടിസ്ഥാനത്തിൽ ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ പി.കെ. ബഷീർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.