rain-
വെളളം കയറിയതിനെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നു

തൃശൂർ: വെളളപ്പൊക്കവും കാലവർഷക്കെടുതികളും നേരിടുന്നവർക്ക് അപകട ഘട്ടങ്ങളിൽ തുണയും കരുതലുമായി യുവതീ, യുവാക്കളുടെ സന്നദ്ധ സംഘമായ സിവിൽ ഡിഫൻസ് ആർമി രംഗത്ത്. വെള്ളക്കെട്ട് മൂലം ദുരിതത്തിലായ പ്രദേശങ്ങൾ സന്ദർശിച്ച് സഹായങ്ങൾ ചെയ്യുന്ന സംഘം, അത്യാഹിത സന്ദർഭങ്ങളിൽ ജീവനും സ്വത്തിനും കാവലാളാകുന്നതിനുളള ഒരുക്കത്തിലാണ്. കടലേറ്റം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന ചാവക്കാട് അഞ്ചങ്ങാടി ഭാഗം, വെള്ളക്കെട്ടിലായ എളവള്ളി കാക്കതുരുത്തി, വടക്കെക്കാട് ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളിൽ ഗുരുവായൂർ ഫയര്‍‌ സ്റ്റേഷന് കീഴിലുളള സിവിൽ ഡിഫൻസ് ടീം കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു.

വെള്ളത്താൽ ഒറ്റപ്പെട്ട വീടുകളിലേക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷ്യ വസ്തുക്കൾ എന്നിവ എത്തിക്കാൻ ഇവർ 24 മണിക്കൂറും സജ്ജരാണ്. പ്രതികൂല സാഹചര്യങ്ങൾ, ക്യാമ്പുകളിലേക്ക് മാറേണ്ട സ്ഥിതി എന്നിങ്ങനെ ഏത് അടിയന്തര ഘട്ടത്തിലും ഇവരെ ബന്ധപ്പെടാനുള്ള നമ്പറുകൾ നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്. അപകടസാദ്ധ്യതാ സ്ഥലങ്ങളിലെത്തി തുടർച്ചയായ ദിവസങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഭാവിയിൽ ഇവർക്ക് പ്രതിഫലം നൽകാനുളള ഉദ്ദേശവുമുണ്ട്. തിരിച്ചറിയാനുളള ടി ഷർട്ടുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും നൽകുന്നുണ്ട്. മറ്റ് ജോലികളുളളവരാണ് ടീം അംഗങ്ങൾ. ജോലികൾക്കിടയിൽ തന്നെ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നവരുമുണ്ട്.

ഹാം റേഡിയോയും തയ്യാർ രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് ഫയർഫോഴ്‌സിന് ഹാം റേഡിയോയും ലഭ്യമായിട്ടുണ്ട്. മൊബൈൽ ഫോൺ അടക്കം ആശയവിനിമയ സംവിധാനങ്ങളൊന്നും പ്രവർത്തിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഹാം റേഡിയോ നെറ്റ് വർക്കിലൂടെ സർക്കാർ സംവിധാനങ്ങളും പുറംലോകവുമായുള്ള ആശയവിനിമയം നടക്കും. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരങ്ങളെ അണുവിമുക്തക്കാനും ഡിഫൻസ് ആർമി രംഗത്തിറങ്ങിയിരുന്നു. ആരോഗ്യവകുപ്പിനെ സഹായിക്കാനുമുണ്ടായിരുന്നു.

ഫസ്റ്റ് റസ്‌പോൺസ് വെഹിക്കിളിൽ (എഫ്.ആർ,വി) കൊണ്ടുവന്ന ലായനി വാട്ടർ മിസ്റ്റിലൂടെ തളിച്ചും ബോധവത്കരണം നടത്തിയുമായിരുന്നു പ്രതിരോധപ്രവർത്തനം. 2019 ഡിസംബറിൽ ആരംഭിച്ച സേന ഫെബ്രുവരിയിലാണ് പരിശീലനം പൂർത്തിയാക്കിയത്.

ജില്ലയിലെ മൊത്തം ടീം അംഗങ്ങൾ: 490

വനിതകൾ: 40

ഫയര്‍‌സ്റ്റേഷനുകൾ: 10

ഓരോ സ്റ്റേഷനിലും രജിസ്റ്റർ ചെയ്തവർ: 50

നിലവിൽ മഴ കുറഞ്ഞതുകൊണ്ട് ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. വെള്ളപ്പൊക്കവും മറ്റും ഗുരുതരമായാൽ സിവിൽ ഡിഫൻസ് ആർമിയെ പ്രത്യേകം നിയോഗിക്കും. ആദ്യഘട്ടപരിശീലനം ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം കാരണം രണ്ട് ഘട്ടം പൂർത്തിയാക്കാനായില്ല.

- അഷറഫ് അലി, ജില്ലാ ഫയർ ഓഫീസർ