doctor

തൃശൂർ: കൊവിഡ് പ്രതിരോധ സന്നദ്ധസേവനത്തിനായി രജിസ്റ്റർ ചെയ്തവർ പ്രവൃത്തികൾക്ക് എത്തുന്നില്ലെന്ന് പരാതി. കോർപറേഷൻ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നീ തലങ്ങളിൽ രൂപീകരിച്ച ആർ.ആർ.ടി ടീമുകൾ പലയിടങ്ങളിലും സജീവമാണെങ്കിലും ആരോഗ്യ രംഗത്ത് പ്രവർത്തിക്കാൻ രജിസ്റ്റർ ചെയ്തവരാണ് കുറയുന്നത്.

ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ ആവശ്യമുണ്ടെങ്കിലും പലരും പിൻവലിയുകയാണ്. ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് കാൽ ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ അടക്കമുള്ളവരുണ്ട്.

സമ്പർക്കരോഗം വ്യാപകമായതോടെയാണ് സന്നദ്ധ സേനാ അംഗങ്ങൾ കുറഞ്ഞത്. അത്യാവശ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തവരുടെ മൊബൈൽ നമ്പറിൽ സേവനം ആവശ്യപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പ് വിളിച്ചെങ്കിലും പത്തിൽ താഴെ പേർ മാത്രമാണ് പ്രതികരിച്ചത്. പ്രതിരോധ പ്രവർത്തനത്തിന് എത്തുന്നവർക്ക് വേതനം നൽകാൻ തയ്യാറായിട്ടും അനുകൂല പ്രതികരണമല്ല ലഭിക്കുന്നതത്രെ.

ജൂലായ് മുതൽ വൈറസ് വ്യാപനം കൂടിയേതാടെ ഡോക്ടർമാരുടെ സേവനം അത്യാവശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ആരോഗ്യ ഓഫീസിൽ നിന്നും സേനയിൽ പേര് രജിസ്റ്റർ ചെയ്ത ഡോക്ടർമാർ അടക്കമുള്ളവരെ വിളിച്ചത്. പ്രതികരണം അനുകൂലമല്ലാതായതോടെ ആരോഗ്യ വകുപ്പും പിൻതിരിയുകയാണ്. അതേസമയം സേനയിൽ കണ്ണിചേർന്ന പൊതുജനങ്ങൾ സഹകരിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.

സന്നദ്ധ, യുവജന സംഘടനകളിലെ അംഗങ്ങളാണ് വിവിധ മേഖലകളിൽ സഹകരിക്കുന്നത്. സന്നദ്ധ സംഘടനകളിലുള്ളവർ പ്രവർത്തനങ്ങൾക്ക് തയ്യാറാണെങ്കിലും കണ്ടെയ്‌ൻമെന്റ് സോണുകളിലും മറ്റും പ്രവർത്തിക്കുന്നവർക്ക് സ്വന്തം വീടുകളിൽ പോകാതെ താമസിക്കുന്നതിനുള്ള സൗകര്യക്കുറവ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്ത ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് തൃശൂർ. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തകരുള്ളത്.

ജില്ലയിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ സേവകർ- 24,246

ആരോഗ്യ വകുപ്പ് വിളിച്ച ആരോഗ്യ പ്രവർത്തകർ- 117

സന്നദ്ധത അറിയിച്ചത് - 8

കൂടിക്കാഴ്ച്ചയ്ക്ക ശേഷം സന്നദ്ധരായവർ- 1

സന്നദ്ധ സേനയുടെ പ്രധാന പ്രവർത്തനം

നിരീക്ഷണത്തിലിരിക്കുന്നവർക്കും കണ്ടയ്‌ൻമെന്റ് സോണുകളിലുമുള്ളവർക്ക് ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ എത്തിക്കുക

പ്രദേശികതലങ്ങളിൽ ആവശ്യമായ സാധനങ്ങൾ ശേഖരിക്കുക

കാൾ സെന്റർ, കൺട്രോൾ റൂം ഓപറേഷൻ

ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുക

ആശുപത്രികളിൽ ആവശ്യമായ സഹായം നൽകുക

ആവശ്യമായ മുന്നറിയിപ്പുകൾ നൽകുക