തൃശൂർ: കാർഷിക സർവകലാശാലയിലെ വിവിധ തസ്തികകളിൽ നിയമനം തടയാൻ വൈസ് ചാൻസലർ ശ്രമിക്കുന്നതായി ആക്ഷേപം. കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള അമ്പതോളം ഒഴിവുകൾ പബ്ലിക് സർവീസ് കമ്മിഷന് റിപ്പോർട്ട് ചെയ്യാനുള്ള ഫയലിൽ ഈ തസ്തികകൾ ആവശ്യമുണ്ടോയെന്ന് ചോദിച്ചു വിവിധ സ്റ്റേഷൻ മേധാവികൾക്ക് കത്ത് നൽകാനാണ് അദ്ദേഹം ഉത്തരവിട്ടിരിക്കുന്നത്.
സർവകലാശാലയിൽ ഈയിടെ സർക്കാരിന്റെ ഭരണ പരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിൽ ഈ തസ്തികകൾ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. വർക്ക് സ്റ്റഡി റിപ്പോർട്ടിനെ മറികടക്കാനാണ് വൈസ് ചാൻസലറുടെ കീഴിൽ ജോലി ചെയ്യുന്ന സ്റ്റേഷൻ മേധാവികളുടെ തസ്തിക ആവശ്യമില്ലെന്ന റിപ്പോർട്ട് വാങ്ങാൻ കത്തയച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. സർവകലാശാലകളിലെ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പബ്ലിക് സർവീസ് കമ്മിഷൻ തയ്യാറാക്കി വരികയാണ്.
പബ്ലിക് സർവീസ് കമ്മിഷന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി തയ്യാറാക്കിയ ഫയലിലാണ് വൈസ് ചാൻസലറുടെ കടുംവെട്ട്. ഒഴിവുള്ള എൽ.ഡി.വി ഡ്രൈവർ, ട്രാക്ടർ ഡ്രൈവർ, ലാബ് അസിസ്റ്റന്റ് , ക്ലാസ് 4, മുതലായ നിരവധി തസ്തികകളിലും അർഹരായവർക്ക് നിയമനം നിഷേധിച്ച് താത്കാലികക്കാരെ കുത്തിനിറക്കുന്ന രീതിയും തുടർന്ന് പോകുകയാണെന്നും ആരോപണമുണ്ട്.
വൈസ് ചാൻസലർ തീരുമാനം മാറ്റണം: എംപ്ലോയീസ് അസോസിയേഷൻ
സംസ്ഥാനത്ത് നിയമനം സംബന്ധിച്ച് തെറ്റായ പ്രചരണം ഉയരുന്നുവെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി കാർഷിക സർവകലാശാല വൈസ് ചാൻസലർ സർക്കാർ നയത്തിനെതിരെ തിരിയുന്നത്. സർവകലാശാലയുടെ നടപടിയിൽ എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു. സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സർവകലാശാല വൈസ് ചാൻസലർ തീരുമാനം തിരുത്താൻ തയ്യാറാകണമെന്ന് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി ആവശ്യപ്പെട്ടു.