കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഡാർജ് എന്ന മെഷീൻ ഉപയോഗിച്ച് തോട് ശുചീകരണ പ്രവൃത്തി പുരോഗമിക്കുന്നു. രണ്ട് വർഷങ്ങളിലുണ്ടായ പ്രളയവും മഴക്കെടുതിയും പഞ്ചായത്തിനെ വെള്ളക്കെട്ടു മേഖലയാക്കി മാറ്റിയിരുന്നു. തോടുകളും കാനകളും ശുചീകരിക്കുന്നതിനായി പഞ്ചായത്തിൽ ജനകീയ സംരക്ഷണ സമിതിയുടെയും, മറ്റു രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ നിരവധി പ്രതിഷേധ സമരം നടത്തിയിരുന്നു.
ഇതേത്തുടർന്നാണ് വെള്ളക്കെട്ടിനെ പ്രതിരോധിക്കാൻ എടത്തിരുത്തി പഞ്ചായത്ത് തോട് ശുചീകരണ പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്തിലെ പ്രധാന തോടായ ചിറക്കൽ ചെറുപുഴ തോട്ടിലെയും ഉപതോടുകളിലെയും മാലിന്യം നീക്കി. എടത്തിരുത്തിയിൽ കനോലി പുഴയോരത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ആൽമരം മറിഞ്ഞ് പുഴയിലെ ഒഴുക്കും തടസപെട്ടിരുന്നു. ഒഴുക്ക് തടസപ്പെട്ട് പുഴ ദിശമാറി ഒഴുകാൻ സാദ്ധ്യതയുണ്ടെന്ന് ജനകീയ സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.
മത്സ്യത്തൊഴിലാളികൾക്കും വലിയ വഞ്ചികൾക്കും ഇതുവഴി പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. 18 വാർഡുകളുള്ള എടത്തിരുത്തി പഞ്ചായത്തിൽ എട്ട് വാർഡുകളിലൂടെയാണ് ചിറക്കൽ ചെറുപുഴ തോട് ഒഴുകുന്നത്. ഇതിൽ സിംഹഭാഗത്തും ശുചീകരണം പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് പറഞ്ഞു. പ്രധാനമായും കോഴിത്തുമ്പ് കോളനി, അയ്യംപടി കോളനി, കനോലി കനാൽ പരിസരം, ഏറാക്കൽ, മധുരംപിള്ളി, പൈനൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥിരമായി വെള്ളക്കെട്ട് ഭീഷണി നേരിട്ടിരുന്നത്. 35 ലക്ഷത്തോളം രൂപ തോടുകളുടെ നവീകരണത്തിനും ശുചീകരണത്തിനുമായി വകയിരുത്തി.
പണം ചെലവഴിച്ചത് ഇങ്ങനെ
ചിറക്കൽ ചെറുപുഴ തോട് വൃത്തിയാക്കാൻ 10,26,000 രൂപ
നമ്പ്രാട്ടിത്തോട് വൃത്തിയാക്കാൻ 2,65,000
അറപ്പ തോട് 2,60,000
മലോട് തോട് 1,31,000
കരിപ്പത്തോട് 1,06,000
തേവർ തോട് 2,14,000
ചൂലൂർ ചിറ 10,00,000
തീപ്പാറ്റ്കുളം മുതൽ അയ്യങ്കുഴി പാലം വരെ 4,23,600