കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്ത അന്തിക്കാട് രജിസ്ട്രാർ ഓഫീസ്.
അന്തിക്കാട്: അന്തിക്കാട് സബ് റജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം പ്രവർത്തന സജ്ജമായി. മന്ത്രി ജി. സുധാകരൻ വീഡിയോ കോൺഫറൻസിംഗിലൂടെ കെട്ടിട ഉദ്ഘാടനം നിർവഹിച്ചു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവത്സൻ, കെ.എം. കിഷോർ കുമാർ, സിജി മോഹൻദാസ്, ജ്യോതിരാമൻ, എ.ബി. ബാബു, രജിസ്‌ട്രേഷൻ ഡി.ഐ.ജി: എ.ജി. വേണുഗോപാൽ, ജില്ലാ രജിസ്ട്രാർ എം.പി. വിൻസെന്റ് എന്നിവർ സംസാരിച്ചു.
ഗീത ഗോപി എം.എൽ.എയുടെ 2015ലെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ റെക്കാഡ് റൂം ഇല്ലാത്തതിനാൽ നാലു വർഷത്തോളം അടഞ്ഞു കിടക്കുകയായിരുന്നു. നിരവധി പ്രതിസന്ധികൾക്കൊടുവിൽ 2019ൽ പൊതുമരാമത്ത് വകുപ്പിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവഴിച്ചാണ് മുകളിലത്തെ നിലയിൽ റെക്കാഡ് റൂം പൂർത്തിയാക്കിയത്. ഓഫീസ്, കക്ഷികൾക്ക് ഇരിക്കാൻ വരാന്ത, ശുചി മുറി എന്നീ സൗകര്യങ്ങളാണ് പുതിയ രജിസ്ട്രാർ ഓഫീസിലുള്ളത്.