മാള: മാളയിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറി അന്നമനടയിലേക്ക് താത്കാലികമായി മാറ്റാനുള്ള സർക്കാർ നിർദേശത്തിന് കോടതിയുടെ അംഗീകാരം. മാളയിൽ സൗകര്യം ഒരുക്കുന്നതുവരെ താത്കാലികമായി മാറ്റാനാണ് നിർദ്ദേശം. അതേസമയം അന്നമനടയിലേക്ക് മാറ്റുന്ന ട്രഷറി തിരിച്ച് മാളയിലേക്ക് വരുന്ന കാര്യത്തിൽ നിരവധി സംശയം നിലനിൽക്കുന്നു.

പ്രളയ ഭീതിയിൽ സ്ഥലം എം.എൽ.എയെ പോലും അറിയിക്കാതെയാണ് ഇരിങ്ങാലക്കുടയിലേക്ക് പ്രവർത്തനം മാറ്റിയത്. ഇരിങ്ങാലക്കുടയിലേക്ക് മാറ്റുമ്പോൾ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന പ്രശ്നം കോടതിയെ ധരിപ്പിച്ചാണ് അന്നമനടയുടെ കാര്യത്തിൽ അനുകൂല നിർദ്ദേശം നേടിയത്. കെട്ടിടത്തിന്റെ ബലക്ഷയവും വെള്ളക്കെട്ടും ചൂണ്ടിക്കാട്ടി ട്രഷറി വീണ്ടും അന്നമനടയിലേക്ക് താത്കാലികമായി മാറ്റണമെന്ന നിർദേശം സർക്കാർ അംഗീകരിക്കുകയായിരുന്നു.

എന്നാൽ ഇതിനെതിരെയുള്ള ഹർജി പരിഗണിച്ച കോടതി ആ നിർദ്ദേശം സ്റ്റേ ചെയ്തു. തുടർന്നാണ് സ്റ്റേ നീക്കി അന്നമനടയ്ക്ക് അനുകൂല ഉത്തരവ് ഉണ്ടായത്. ഇപ്പോൾ താത്കാലികമായി ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയ ട്രഷറി അടുത്ത ദിവസം അന്നമനടയിൽ പ്രവർത്തനം തുടങ്ങിയേക്കും. മാളയിൽ പ്രവർത്തിച്ചിരുന്ന ട്രഷറിയുടെ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായത് ചൂണ്ടിക്കാട്ടിയാണ് പൂട്ടിയത്. അതേസമയം പകരം സൗകര്യം ഒരുക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല.

ലോക്കർ സൗകര്യം അന്നമനടയിൽ നിലവിലുണ്ടെന്നതും അനുകൂലമായി. അന്നമനടയിൽ നിന്ന് ട്രഷറി മാളയിലേക്ക് മാറ്റിയതിനെ എതിർത്തും അനുകൂലിച്ചും രാഷ്ട്രീയ പാർട്ടികൾ നിലപാട് സ്വീകരിച്ചിരുന്നു. ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് സർക്കാരിന്റെ നിർദേശം അംഗീകരിച്ച് ട്രഷറി അന്നമനടയിലേക്ക് താത്കാലികമായി മാറ്റാൻ ഉത്തരവിട്ടത്. സർക്കാരിനായി അഡ്വ. സി.എം സുരേഷ് ബാബുവും അന്നമനട പഞ്ചായത്തിനായി അഡ്വ. ഒ.ഡി. ശിവദാസ്, മുതിർന്ന പെൻഷനറിന് വേണ്ടി അഡ്വ. പ്രേം നവാസും ഹാജരായി.

മാളയിൽ 2003 ൽ കെ.കെ റോഡിൽ തട്ടകത്ത് ജോസഫ് 13 സെന്റ് സ്ഥലം ട്രഷറി വകുപ്പിന് സൗജന്യമായി നൽകുകയായിരുന്നു. എന്നാൽ ട്രഷറി വകുപ്പ് സ്വന്തമാക്കിയ സ്ഥലത്ത് കെട്ടിടം നിർമ്മിക്കാത്തതിനെ ചോദ്യം ചെയ്ത് ജോസഫ് 2005 ൽ ലോകായുക്തയെ സമീപിച്ചു. ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ 2009 ൽ 1.20 കോടി രൂപ അനുവദിച്ചാണ് ട്രഷറിക്ക് കെട്ടിട നിർമ്മാണം തുടങ്ങിയത്.

3000 ചതുരശ്ര അടിയോളം വിസ്‌തീർണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം ഇൻകെൽ ഏറ്റെടുക്കുകയും ബി.എസ്.എൻ.എൽ മേൽനോട്ടം വഹിക്കുകയും ചെയ്തു. 2014 ൽ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും നിയമ നടപടിയിലൂടെയാണ് 2015 ൽ അന്നമനടയിലെ ട്രഷറി മാളയിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത്.

..............

മാളയിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറി അന്നമനടയിലേക്ക് മാറ്റാനോ അതിനായി സർക്കാരിനോട് അപേക്ഷിക്കാനോ പാർട്ടി തീരുമാനം എടുക്കുകയോ അത്തരത്തിൽ നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല. സർവകക്ഷി യോഗം വിളിക്കും. ചർച്ചയും സമവായവും ഇക്കാര്യത്തിൽ ആവശ്യമാണ്.

ടി.കെ സന്തോഷ്,

സെക്രട്ടറി

സി.പി.എം മാള ഏരിയ കമ്മിറ്റി