gvr-news-photo
ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ച ഇല്ലം നിറ ചടങ്ങുകൾക്കായുള്ള കതിർക്കറ്റകൾ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ഇന്ന്. രാവിലെ 6.30നും 8.30നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് ഇല്ലംനിറ ചടങ്ങുകൾ. ക്ഷേത്രം കിഴക്കെ ഗോപുരനടയിൽ നിന്നും ശാന്തിയേറ്റ കീഴ്ശാന്തിമാർ കതിർകറ്റകൾ തലച്ചുമടായി ചുറ്റമ്പലം വലംവച്ച് നാലമ്പലത്തിലേക്ക് എഴുന്നെള്ളിക്കും. തുടർന്ന് നമസ്കാര മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി കതിർകറ്റകളിൽ ലക്ഷ്മിപൂജ നടത്തി ആദ്യ കതിർ ഭഗവാന് സമർപ്പിക്കുന്നതോടെ ഇല്ലംനിറ ചടങ്ങിന് സമാപനമാകും.

ഭഗവാന്റെ ശ്രീലകത്ത് നിറകഴിഞ്ഞാൽ സാധാരണയായി കതിരുകൾ പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്യാറുണ്ടെങ്കിലും ഇത്തവണയുണ്ടാകില്ല. കൊവിഡിന്റെ ഭാഗമായുള്ള മാനദണ്ഡങ്ങൾ നിൽക്കുന്നതിനാലാണ് ഭക്തർക്ക് കതിർ വിതരണം ഇല്ലാത്തത്. സാധരണയേക്കാളേറെ കുറഞ്ഞ കറ്റകളാണ് പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബാംഗങ്ങൾ ഇന്നലെ ക്ഷേത്ര നടപ്പുരയിൽ എത്തിച്ചിട്ടുള്ളത്. പതിവായി കതിരുകൾ ഭഗവാന് സമർപ്പിക്കാറുള്ള ഭക്തരിൽനിന്നും നാമമാത്രമായിട്ടാണ് കതിർ സ്വീകരിക്കുന്നത്.

ക്ഷേത്രത്തിൽ ഈ വർഷത്തെ തൃപ്പുത്തരി ചടങ്ങ് 23 ന് ഞായറാഴ്ച രാവിലെ 8.35നും 9.55നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടത്തും. ഗുരുവായൂർ മമ്മിയൂർ മഹാദേവ ക്ഷേത്രം, പാർത്ഥസാരഥി ക്ഷേത്രം, പെരുന്തട്ട ശിവക്ഷേത്രം, ചൊവ്വല്ലൂർ ശിവക്ഷേത്രം, താണിയിൽ ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും ഇന്ന് ഇല്ലംനിറ ചടങ്ങുകൾ നടക്കും. മമ്മിയൂരിൽ രാവിലെ 8.30നും, 9.30 നുമിടയിലുള്ള മുഹൂർത്തിലാണ് ഇല്ലംനിറ. മമ്മിയൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ഈ മാസം 21നും ആഘോഷിക്കും.