കൊടുങ്ങല്ലൂർ: ഒരുപാട് പാറക്കെട്ടുകളാൽ കൂട്ടിയിണക്കപ്പെട്ട ആനയുടെ വലുപ്പവും സൗന്ദര്യവും ഒത്തിണങ്ങിയ പാറക്കൂട്ടം. പാറയ്ക്കും കരയ്ക്കുമിടയിൽ വേറെയും നിരവധി പാറകൾ. കാഴ്ചയുടെ വൈവിദ്ധ്യത്താൽ സഞ്ചാരികളുടെയും ചരിത്രാന്വേഷികളുടെയും ആകർഷണ കേന്ദ്രമാകുകയാണ് മാളവനപ്പാറ. ചാലക്കുടിയാറും പെരിയാറും ഇളന്തിക്കരയിൽ സംഗമിച്ച് പടിഞ്ഞാറോട്ടൊഴുകി കൊടുങ്ങല്ലൂർ കായലിൽ പതിക്കുന്നതിന് മുമ്പായി മാളവനയിൽ പുഴമദ്ധ്യേയുള്ളതാണ് ഈ പാറക്കൂട്ടം.
മുനയുള്ള പാറയെ നാട്ടുകാർ മുനപ്പെന്ന് വിളിക്കും. പരന്ന പാറയ്ക്ക് പരപ്പെന്നും ഇടയ്ക്കുള്ള പാറ ഇടപ്പാറയെന്നും. പാറകൾക്കിടയിൽ കിണറെന്നു വിളിക്കുന്ന ഒരു സ്ഥലവുമുണ്ട്. പുഴയ്ക്കടിയിൽ പാറക്കെട്ടുകളിൽ കിണർ പോലുള്ളതാണ് ഇവിടം. പാറയുടെ ഒരു ഭാഗത്ത് തിരുവിതാംകൂറിന്റെ ചിഹ്നമായ ശംഖും കാണാം.
മറുഭാഗത്ത് കൊച്ചിയുടെയും അതിരെഴുത്തുണ്ട്. പുഴക്കരയിൽ ശിവക്ഷേത്രം ഉള്ളതിനാൽ ഐതിഹ്യങ്ങൾക്കും പഞ്ഞമില്ല. കുറെ വർഷങ്ങൾക്കുമുൻപ് പാറ ഖനനം നടന്ന നിരവധി മടകളും കാണാം. ഭൂമിശാസ്ത്രപരമായി പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാണ് ഇവിടം. ഇപ്പോൾ പുഴ ഒഴുകുന്ന സ്ഥലം പണ്ടൊരു കര ആയിരിക്കാമെന്ന് പറയപ്പെടുന്നു. 1341ലെ പ്രളയ കാലത്ത് പെരിയാർ വഴിമാറി ഒഴുകിയതായി ചരിത്രം പറയുന്നു.
ബുദ്ധ സന്യാസിമാർ ഈ പാറയിൽ ധ്യാനത്തിനിരുന്നതായി അജിത ഘോഷ് ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1970കളിൽ കേരളം സന്ദർശിച്ച പാശ്ചാത്യ എഴുത്തുകാർ കോട്ടയിൽക്കോവിലകം കുന്നിൽ നിന്ന് പാറയും പുഴയിലെ തുരുത്തുകളും ഹരിത പ്രകൃതിയും നോക്കി വിസ്മയം കൊണ്ടതായും അന്ന് സംഘത്തിലുണ്ടായിരുന്ന ഗുന്തർഗ്രാസ് ഇവിടം പേൾ ഹാർബറിനേക്കാൾ മനോഹരമാണെന്ന് അഭിപ്രായപ്പെട്ടതായും മഹാരാജാസ് കോളേജ് പ്രിൻസിപ്പലായിരുന്ന ഭരതൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട്. അന്ന് പാശ്ചാത്യ സംഘത്തെ നയിച്ചത് ഭരതൻ മാഷായിരുന്നു.
ചരിത്രവും പ്രകൃതിയും മനോഹരമായി ഇഴചേർന്നുനിൽക്കുന്ന മാളവനപ്പാറയുടെ ഭംഗി എല്ലാവരെയും ആകർഷിക്കുന്നുണ്ട്.
ഐതിഹ്യം
ചാത്തനെന്ന ഒരാൾ പണ്ട് ഒരു പോത്തിൻ കൂട്ടത്തെ തെളിച്ച് പുഴക്കരയുള്ള തിരുത്തിൽ മേയാൻ പോയി. രാത്രി ഇരുട്ടിൽ തിരികെ വരുമ്പോൾ പുഴയിൽ ദേവതമാർ നീരാടുന്നത് കാണാനിടയായി. ദേവതമാർ ചാത്തനെയും കണ്ടു. ഇതേത്തുടർന്ന് ദേവതമാർ ചാത്തനെയും പോത്തുകളെയും ശപിച്ച് പാറയാക്കിയെന്നാണ് കഥ.