തൃശൂർ: മലയാളിയുടെ പാടവരമ്പത്തും സൂര്യകാന്തി പൂത്തുലഞ്ഞു.വിത്ത് ആട്ടിയപ്പോൾ കർഷകന്റെ മുഖത്തും 'സൂര്യകാന്തി'. പാത്രത്തിൽ എണ്ണ നിറഞ്ഞു. മായം കലരാത്ത എണ്ണയ്ക്ക് ആവശ്യക്കാർ ഏറി. അതോടെ സ്ഥിരം കൃഷിയാക്കാമെന്ന് പുല്ലഴി കോൾപ്പടവ് സഹകരണ സംഘം തീരുമാനിച്ചു. ഉള്ളിമുതൽ ചോളം വരെ കൃഷി ചെയ്യുന്ന സംഘത്തിന് മറ്റൊരു വിജയംകൂടി.
900 ഏക്കറാണ് പുല്ലഴി കോൾപ്പടവ്. നാല്പത് ഏക്കറിന് അതിരിട്ട് വരമ്പുപോലെ ഒന്നര കിലോമീറ്റർ ഫാം റോഡുണ്ട്. സംഘത്തിലെ കർഷകർ ജനുവരിയിൽ റോഡിന്റെ ഓരത്തായി സൂര്യകാന്തി വിത്തുവിതറി. മാർച്ചോടെ പുഷ്പവസന്തം. ഏപ്രിലോടെ വിത്തുകൾ ശേഖരിച്ചു.
വിത്തും എണ്ണയും
# തമിഴ്നാട്ടിലും കർണാടകയിലും ഒരു കിലോ വിത്തിന് വില 600 രൂപ.
# പാടവരമ്പിൽ വിതച്ചത് ഒന്നര കിലോ വിത്ത്, കൊയ്തത് 80 കിലോ വിത്ത്
# 3.1 കിലോ വിത്ത് ആട്ടിയാൽ ഒരു ലിറ്റർ എണ്ണ
# ഒരു ലിറ്റർ എണ്ണയ്ക്ക് വില 110 രൂപ
കൃഷിയും വിളവെടുപ്പും
# വളം വേണ്ട, പരിപാലനച്ചെലവില്ല
# ഈർപ്പമില്ലാത്ത മണ്ണിൽ ചാല് കീറി വെള്ളം ഒഴുക്കി നനയ്‌ക്കുക. വെള്ളം കെട്ടരുത്.
# ഇതളുകൾ കൊഴിയുമ്പോൾ ഉണക്കി കമ്പുകൊണ്ട് തല്ലി വിത്ത് വേർതിരിക്കാം
നെല്ലിനും ഗുണം
# കീടങ്ങൾ നെല്ലിനെ ആക്രമിക്കാതെ സൂര്യകാന്തിയിലേക്ക് തിരിയും.
..............
'' നെല്ലിനു പുറമേ, സൂര്യകാന്തിയും ഉളളിയും സവാളയും തക്കാളിയും മുള്ളങ്കിയും കൊത്തമരയും ചോളവും അടക്കം ഇരുപതിലേറെ ഇനങ്ങൾ കൃഷി ചെയ്യുന്നു. സംഘത്തിന് അടുത്ത വർഷം 60 വയസാകും. ''
കൊളങ്ങാട്ട് ഗോപി,
ഡയറക്ടർ, പുല്ലഴി കോൾപ്പടവ് സഹ.സംഘം
..........
''സൂര്യകാന്തി കെണിവിളയാണ്. ലാഭം കിട്ടുന്നതിനു പുറമേ, നെൽക്കൃഷിയിൽ കീടനാശിനി പ്രയോഗം കുറയ്ക്കുകയും ചെയ്യാം. ''
ശരത് മോഹൻ,
കൃഷി ഓഫീസർ, അയ്യന്തോൾ.