covid-

തൃശൂർ: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് കൊവിഡ് ബാധിക്കുകയും ക്ളസ്റ്ററുകൾ കൂടുകയും ചെയ്യുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കിലെ ഗണ്യമായ വർദ്ധനയിൽ ആശ്വാസം. കഴിഞ്ഞ ആഴ്ചയിലെ എല്ലാ ദിവസവും രോഗബാധിതരേക്കാൾ കൂടുതലാണ് രോഗമുക്തർ.

ചില ദിവസങ്ങളിൽ ഇരട്ടിയിലേറെപ്പേർക്ക് രോഗം ഭേദമാകുന്നുണ്ട്. പ്രതിദിനം നൂറ് രോഗികൾക്ക് മീതെ കടന്നിട്ടുമില്ല. അതേസമയം രോഗസ്ഥിരീകരണത്തിനുള്ള ആൻ്റിജൻ പരിശോധന കൂട്ടി. ആരോഗ്യപ്രവർത്തകർക്കും മറ്റും രോഗം ബാധിക്കുന്നതും കൂടുതൽപേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നതും ഉറവിടം അറിയാത്ത കേസുകൾ കൂടുന്നതുമാണ് കുഴയ്ക്കുന്ന പ്രശ്നം. കൂടുതൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് അമല ആശുപത്രിയിലെ ജനറൽ ഒ.പി. ഒരാഴ്ചത്തേക്ക് നിറുത്തിവെയ്ക്കാൻ കളക്ടർ എസ്. ഷാനവാസ് നിർദ്ദേശം നൽകിയിരുന്നു.

ആശുപത്രിയിലെ ശുചീകരണവിഭാഗം ജോലിക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ വന്നുപോയവരുടെ വിവരം ശേഖരിച്ച് അവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി രോഗവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം തിട്ടപ്പെടുത്താൻ ഡി.എം.ഒയ്ക്ക് കളക്ടർ നിർദ്ദേശം നൽകി. മുഴുവൻ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിതലയോഗത്തിൽ തീരുമാനിച്ചിരുന്നു.

ആശുപത്രികൾക്ക് പുറമേ ആരോഗ്യമേഖലയിലെ മറ്റ് സ്ഥാപനങ്ങൾക്കും നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ്‌ ലക്ഷണങ്ങളോടെ വരുന്നവർക്കായി ഒ.പി, ഐ.പി. വിഭാഗങ്ങളിൽ പ്രത്യേകം സജ്ജീകരണം ഏർപ്പെടുത്തണം. കൊവിഡ് വാർഡുകളിൽ ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണ ജീവനക്കാർ എന്നിവരടങ്ങുന്ന പ്രത്യേകസംഘത്തെ നിയോഗിക്കണം. രണ്ട് ട്രെയിനികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാാമവർമ്മപുരം പൊലീസ് അക്കാഡമിയിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

മെഡിക്കൽ കോളേജിൽ നേരിയ ആശ്വാസം

കടുത്ത നിയന്ത്രണങ്ങൾക്കൊടുവിൽ മെഡിക്കൽ കോളേജിൽ ചില വാർഡുകൾ തുറന്നു. അടച്ചിട്ടിരുന്ന, എല്ലുരോഗ വിഭാഗത്തിലെ രോഗികളെ കിടത്തിയിരുന്ന രണ്ട്, അഞ്ച് വാർഡുകളാണ് തുറന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നടത്തിയ പരിശോധനയിൽ ആർക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം രോഗികൾക്ക് രോഗം സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടർമാരടക്കം ഇരുപതിലേറെപ്പേർ ക്വാറന്റൈനിലാണ്.

കഴിഞ്ഞ ഒരാഴ്ചയിലെ കൊവിഡ് കണക്ക്:

തിയതി-രോഗബാധിതർ-രോഗമുക്തി

ആഗസ്റ്റ്12-19- 55

11- 32- 68

10- 40-60

09- 24-59

08-64-72

07- 33-60

06- 73-48

.......

രോഗമുക്തി നേടിയവർ: 422

മൊത്തം രോഗബാധിതർ: 285