kizhi-waste
കോഴിക്കടയിൽ നിന്ന് തള്ളിയ മാലിന്യം

കയ്പമംഗലം: അനധികൃതമായി പ്രവർത്തിക്കുന്ന കോഴിക്കടയിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ മൂലം ജീവിതം പൊറുതിമുട്ടിയെന്നും,​ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി. കയ്പമംഗലം 12ൽ പ്രവർത്തിക്കുന്ന അലാവുദ്ദീൻ ചിക്കൻ സെന്ററിനെതിരെയാണ് പരിസരവാസികളായ 15 ഓളം പേർ ചേർന്ന് പൊലീസിനും പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നൽകിയത്.

മാലിന്യ നിർമ്മാർജ്ജനത്തിന് മതിയായായ സംവിധാനങ്ങളില്ലാത്ത കടയിൽ നിന്ന് അവശിഷ്ടങ്ങൾ പുറത്തേക്ക് തള്ളുന്നത് മൂലം പ്രദേശത്ത് ദുർഗന്ധവും, കൊതുക് ശല്യവും, മാലിന്യം നിറഞ്ഞ കുടിവെള്ളവും മൂലം സമീപവാസികൾ ദുരിതമനുഭവിക്കുകയാണ്. ആര്യോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് കട അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും കട തുറന്നു പ്രവർത്തിക്കുകയാണെന്നും യഥാസമയം നടപടികൾ ഉണ്ടായില്ലെങ്കിൽ കളക്ടറെ സമീപിക്കുമെന്നും പരാതിക്കാർ പറഞ്ഞു.