തൃശൂർ: 75 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 471 ആയി. 47 പേർ രോഗമുക്തരായി. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതിൽ 73 പേരും സമ്പർക്കം വഴി പൊസിറ്റീവ് ആയവരാണ്. 7 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ 15 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 19 പേർ ഈ ക്ലസ്റ്ററിൽ നിന്ന് രോഗബാധിതരായി. ശക്തൻ ക്ലസ്റ്റർ 10, അംബേദ്കർ കോളനി ക്ലസ്റ്റർ വേളൂക്കര 5, മിണാലൂർ ക്ലസ്റ്റർ 5, പട്ടാമ്പി ക്ലസ്റ്റർ 5, ഇരിങ്ങാലക്കുട ക്ലസ്റ്റർ 4, മങ്കര ക്ലസ്റ്റർ 2, മറ്റു സമ്പർക്കം 16 എന്നിങ്ങനെയാണ് സമ്പർക്ക രോഗബാധിതരുടെ കണക്ക്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 2 പേർക്കും രോഗം ബാധിച്ചു.
കൂടുതൽ പേർ ചികിത്സയിലുള്ളത്
ഗവ. മെഡിക്കൽ കോളേജ് 68
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ, നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 20,
ജി.എച്ച് തൃശൂർ 11
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 27
കില ബ്ലോക്ക് 1 - 60
കില ബ്ലോക്ക് 2 തൃശൂർ 49
വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ 80
എം.എം.എം കോവിഡ് കെയർ സെന്റർ തൃശൂർ - 18
സി.എഫ്.എൽ.ടി.സി കൊരട്ടി 21
ജി.എച്ച് ഇരിങ്ങാലക്കുട 12,
നിരീക്ഷണത്തിൽ കഴിയുന്നവർ 9706
പരിശോധനാ ഫലം ലഭിക്കാനുള്ളത് 1080 സാമ്പിൾ
രോഗം സ്ഥിരീകരിച്ചത് 2195
രോഗമുക്തരായവർ 1708
ശക്തൻമാർക്കറ്റ്
15 ന് ശേഷം തുറക്കും
തൃശൂർ: കൊവിഡ് 19 സാമൂഹിക വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് 15 ന് ശേഷം തുറക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന വ്യാപാരി-തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. മാർക്കറ്റ് കമ്മിറ്റി രൂപീകരിച്ച ശേഷം വ്യാപാരികളുടെയും തൊഴിലാളികളുടെയും പട്ടിക തയ്യാറാക്കും. തുടർന്ന് നിബന്ധനകൾക്ക് വിധേയമായി മാർക്കറ്റ് തുറക്കും. മേയർ, ജില്ലാ കളക്ടർ, സിറ്റി കമ്മിഷണർ, ഡി.എം.ഒ, വ്യാപാരി-തൊഴിലാളി പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റി തീരുമാനം എടുക്കും.
ആദ്യഘട്ടത്തിൽ പച്ചക്കറി മാർക്കറ്റ് മാത്രം തുറക്കും.
ഇതിന്റെ പ്രവർത്തനങ്ങളും തിരക്കും പരിശോധിച്ച് അനുകൂല സാഹചര്യമാണെങ്കിൽ പിന്നീട് മത്സ്യ-ഇറച്ചി മാർക്കറ്റുകളും തുറക്കും. കൊവിഡ് പരിശോധന കഴിഞ്ഞ് ഫലം നെഗറ്റീവ് ആയ വ്യാപാരികൾക്കും തൊഴിലാളികൾക്കും മാത്രമേ മാർക്കറ്റിൽ പ്രവേശനം അനുവദിക്കൂ. പൊലീസ്, വ്യാപാരി-തൊഴിലാളി സംഘടനാ പ്രതിനിധികൾ, വളണ്ടിയർമാർ എന്നിവരുൾപ്പെട്ട ക്ലോസ്ഡ് വാച്ച് ഗ്രൂപ്പിന്റെ നിരീക്ഷണത്തിലാവും മാർക്കറ്റിന്റെ പ്രവർത്തനം. 60 വയസ് കഴിഞ്ഞവരെ മാർക്കറ്റിനകത്ത് പ്രവേശിപ്പിക്കില്ല. ക്വാറന്റീനിൽ ഇരിക്കേണ്ട ചില വ്യാപാരികൾ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ പോയി കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത്തർക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. യോഗത്തിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, മേയർ അജിത ജയരാജൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ഡി.എം.ഒ ഡോ. കെ. ജെ. റീന, ഡി.എസ്.ഒ ടി. അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുത്തു.