ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബങ്ങളിലെ അംഗങ്ങൾ ചേർന്ന് കതിർക്കറ്റകൾ കിഴക്കേ ഗോപുരകവാടത്തിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ചു. ശാന്തിയേറ്റ കീഴ്ശാന്തി മേലേടം പത്മനാഭൻ നമ്പൂതിരി (മണി ) കതിർക്കറ്റകളിൽ തീർത്ഥം തളിച്ച് ശുദ്ധിവരുത്തി.
തുടർന്ന് ഉണങ്ങലരിയിട്ട ഓട്ടുരുളിയിൽ ആദ്യകതിർക്കറ്റകൾ വെച്ച് ശാന്തിയേറ്റ കീഴ്ശാന്തി മൂത്തേടം അഖിലേഷ് നമ്പൂതിരി തലയിലേന്തി നാലമ്പലത്തിലേക്ക് എഴുന്നെള്ളിച്ചു. ഇദ്ദേഹത്തിനു പുറകിലായി 13 കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും ബാക്കി കതിർക്കറ്റകളുമായി നീങ്ങി. നിറയോ.....നിറ, ഇല്ലംനിറ, വല്ലംനിറ, വട്ടിനിറ, പത്തായം നിറ. നിറയോ നിറ.. എന്ന് ഉരുവിട്ട് കൊണ്ട് കതിർക്കറ്റകൾ തലയിലേന്തി നിരനിരയായി ക്ഷേത്രം പ്രദക്ഷിണം വെച്ച് ശ്രീകോവിലിന് മുന്നിലെ സമസ്‌കാര മണ്ഡപത്തിൽ കതിർക്കറ്റകൾ സമർപ്പിച്ചു.
ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകൾ വെച്ച് പൊൻനിറമുള്ള നെൽക്കതിരുകൾ മഹാവിഷ്ണുവിന്റെ മടിയിലിരിക്കുന്ന ലക്ഷ്മീദേവിയായി സങ്കൽപിച്ച് ക്ഷേത്രം ഓതിക്കൻ സർവൈശ്വര പൂജയും, ലക്ഷ്മി പൂജയും നടത്തി. പൂജകൾക്ക് ശേഷം ചൈതന്യവത്തായ കതിരുകളിൽ ഒരുപിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തിയതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു. കൊവിഡ് നിയന്ത്രണം നിലവിലുള്ളതിനാൽ ഭക്തർക്ക് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല.