നന്ദിപുലം: മാട്ടുമലയിൽ എ.ആർ. ഗോൾഡ് ആഭരണ നിർമാണശാലക്കെതിരെ നാട്ടുകാരുടെ സമരം 10 ദിവസം പിന്നിട്ടു. സ്ഥാപനം അടച്ചു പൂട്ടണമെന്നു ആവശ്യപ്പെട്ട് സ്വാതന്ത്ര്യ ദിനത്തിൽ 12 മണിക്കൂർ നിൽപ് സമരംനടത്താൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സമരം. തിരഞ്ഞെടുക്കപെട്ട വളണ്ടിയർമാരാണ് സമരത്തിൽ പങ്കെടുക്കുക. നിൽപ് സമരം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം ചെയ്യും.

ആഗസ്ത് 4നാണ് മാട്ടുമലയിൽ എ.ആർ ഗോൾഡ് എന്ന റോൾസ് ഗോൾഡ് ആഭരണ നിർമ്മാണ സ്ഥാപനത്തിനെതിരെ ആക്ഷൻ കൗൺസിൽ സമരം ആരംഭിച്ചത്. അതിനു മുൻപ് രൂപീകരിച്ച ജനകീയ സമിതി ഇടക്ക്‌വെച്ച് സമരം അവസാനിപ്പിച്ചതിനെ തുടർന്നാണ് ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയത്. നേരത്തെ പഞ്ചായത്ത് കമ്പനിക്കു ലൈസൻസ് നൽകിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് ലൈസൻസ് പിൻവലിച്ചു. ഗ്രാമസഭ കമ്പനി ആരംഭിക്കരുതെന്നു കാണിച്ച് പ്രമേയവും പാസാക്കി. എന്നാൽ നേരത്തെ അനുവദിച്ച ലൈസൻസ് പിൻവലിക്കുന്നതിന് ആവശ്യമായ നിയമാനുസൃതമായ നടപടികൾ പഞ്ചായത്ത് സ്വീകരിച്ചില്ല. ഇത് മൂലം സ്ഥാപന ഉടമ ഹൈക്കോടതിയെ സമീപിക്കുകയും പ്രവർത്തന അനുമതി വാങ്ങുകയും ചെയ്തു. ഒരു കാരണവശലും കമ്പനി ആരംഭിക്കില്ലെന്ന പഞ്ചായത്തിന്റെ ഉറപ്പു വിശ്വസിച്ചിരുന്ന ജനങ്ങൾ കമ്പനി ആരംഭിച്ചപ്പോൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയായിരുന്നു. സമരത്തിന്റെ പത്താം ദിനത്തിലെ സമരം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഷീല മോഹനൻ അദ്ധ്യക്ഷയായി.