guruvyr

ഗുരുവായൂർ: ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് ഏകാധിപത്യപരമായി പ്രവർത്തിക്കുന്നു എന്ന് ആരോപിച്ച് ദേവസ്വം ഭരണസമിതി യോഗത്തിൽ നിന്നും മൂന്ന് ഭരണസമിതി അംഗങ്ങൾ ഇറങ്ങിപ്പോയി. ഭരണസമിതി അംഗങ്ങളായ കെ. അജിത്ത് (സി.പി.ഐ), കെ.വി ഷാജി (ജനതാദൾ (എസ്)), ക്ഷേത്രം ജീവനക്കാരുടെ പ്രതിനിധി എ.വി. പ്രശാന്ത് (സി.പി.എം) എന്നിവരാണ് ഇന്നലെ ഇറങ്ങിപ്പോയത്. ദേവസ്വം ആശുപത്രിയിൽ ആർ.എം.ഒ തസ്തികയിൽ അടുത്തിടെ നടത്തിയ രണ്ട് നിയമനങ്ങൾ ഭരണസമിതി അംഗങ്ങളെ അറിയിച്ചില്ലെന്നതാണ് പ്രധാന ആരോപണം. കൂടാതെ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രദക്ഷിണ വഴിയിൽ അയ്യപ്പൻ എന്ന പേരിൽ പുതിയ ഭണ്ഡാരം സ്ഥാപിച്ചതും ദേവസ്വത്തിലെ ജീവനക്കാരുടെ സ്ഥലമാറ്റക്കാര്യത്തിലും ഏകപക്ഷീയമായാണ് തീരുമാനം എടുത്തതെന്ന് ആരോപിച്ചാണ് ഇറങ്ങിപ്പോക്ക്.

ദിവസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽ ചെയർമാൻ അനധികൃത ഇടപെടലുകൾ നടത്തുന്നു എന്ന് കാട്ടി ക്ഷേത്രം തന്ത്രി ഭരണസമിതിക്ക് കത്തു നൽകിയിരുന്നു. ഇതും വിവാദമായിരുന്നു. ദേവസ്വം ആക്ട് അനുസരിച്ച് ചെയർമാൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾക്ക് തുല്യ അധികാരമാണെന്നും ചെയർമാന് അംഗങ്ങളിൽ നിന്നും കൂടുതലായി ഭരണസമിതി യോഗങ്ങളിൽ അദ്ധ്യക്ഷനാകാനുള്ള അധികാരം മാത്രമേയുള്ളൂവെന്നുമാണ് ഭരണസമിതി അംഗങ്ങളുടെ അഭിപ്രായം. ആകെയുള്ള അഞ്ച് അംഗങ്ങളിൽ മൂന്ന് പേർ ഇറങ്ങിപ്പോയതോടെ യോഗം തുടരാൻവേണ്ട അംഗങ്ങൾ ഇല്ലാതായി. ആറ് അംഗങ്ങളാണ് ഭരണസമിതിയിൽ സർക്കാർ നോമിനികൾ. എൻ.സി.പിയുടെ പ്രതിനിധിയെയാണ് ഇതുവരെയും സർക്കാർ നിയമിക്കാത്തത്. ക്ഷേത്രം തന്ത്രി, സാമൂതിരി രാജ, ക്ഷേത്രം ഊരാളൻ എന്നിവരടങ്ങുന്ന മൂന്ന് സ്ഥിരം ഭരണസമിതി അംഗങ്ങൾ ഉണ്ടെങ്കിലും ഇവരാരും യോഗത്തിന് എത്തിയിരുന്നില്ല.

എടുത്തത് അടിയന്തര നടപടികൾ: ദേവസ്വം ചെയർമാൻ

ദേവസ്വം മെഡിക്കൽ സെന്ററിൽ ആർ.എം.ഒ തസ്തികയിൽ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും രണ്ട് പേർ മാത്രമാണ് കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തത്. ഇവരെ മെഡിക്കൽ സെന്ററിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. കൊവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ മറ്റു ആശുപത്രികളിൽ ചികിത്സ ലഭിക്കാത്തതിനാൽ ദേവസ്വം മെഡിക്കൽ സെന്ററിൽ നിരവധി രോഗികൾ എത്തുന്ന സാഹചര്യത്തിൽ മെഡിക്കൽ സൂപ്രണ്ടിന്റെ ആവശ്യപ്രകാരമാണ് നടപടിയെടുത്തത്. അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് ഭരണസമിതി യോഗത്തിന് മുമ്പ് നിയമനം നടത്തിയത്. ക്ഷേത്രത്തിലെ ശാന്തിക്കാരുടെ നിർദേശത്തെ തുടർന്നാണ് ക്ഷേത്രത്തിന് തെക്കുഭാഗത്ത് ഭണ്ഡാരം സ്ഥാപിച്ചത്. വർക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായുള്ള സ്ഥലം മാറ്റം മാത്രമാണ് നിലവിൽ നടത്തിയിട്ടുള്ളത്.