കാഞ്ഞാണി: പെരുമ്പുഴ വലിയ പാലം ശക്തിപെടുത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ യാത്ര സജ്ജമാക്കുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. കേട് വന്ന പാലം സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് പാലത്തിന്റെ അവസ്ഥ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പുതിയ പാലത്തിന് ശുപാർശ നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഭാരമേറിയ ഒരു വാഹനവും പാലം കടന്ന് വരാൻ അനുവദിക്കില്ലെന്നും ആവശ്യമായ നിർദ്ദേശം പൊലീസിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേടുപാട് തീർക്കുന്നതുവരെ ഇതുവഴിയുള്ള ബസ് ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വ്യാഴാഴ്ച മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കാഞ്ഞാണിഭാഗത്ത് നിന്ന് വരുന്ന ബസുകൾ പറത്താട്ടിൽ ഷെഡിന് സമീപം യാത്ര അവസാനിപ്പിച്ച് തിരിച്ച് പോകും. തൃശൂർ ഭാഗത്ത് നിന്ന് കാഞ്ഞാണി ഭാഗത്തേക്ക് വരുന്ന ബസുകൾ ആറാംകല്ലിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചു പോകും. ഇരു ഭാഗത്തുമിറങ്ങുന്ന യാത്രക്കാർക്ക് പെരുമ്പുഴ പാലത്തിലൂടെ കാൽ നടയായോ മറ്റ് ചെറുവാഹനങ്ങളിലൂടെയോ ഒരു കിലോമീറ്ററോളം ദൂരം പിന്നിട്ടാൽ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടരാനാകും. എം.എൽ.എയെ കൂടാതെ മണലൂർ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, അരിമ്പൂർ പഞ്ചായത്ത് ജനപ്രതിനിധിയായ സിജി സജീഷ്, അന്തിക്കാട് സി.ഐ പ്രശാന്ത് ക്ലിന്റ്, എസ്. ഐ കെ.എസ്. സുശാന്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, തൃശൂർ കാഞ്ഞാണി ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.എം. അബ്ദുൾ കരീം, എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. വെള്ളിയാഴ്ച രാവിലെ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്നും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും അന്തിക്കാട് പൊലീസ് അറിയിച്ചു. വാഹനനിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പാലത്തിന്റെ സമീപം ബസുകൾ തിരിച്ച്‌പോകാൻ കഴിയാത്തതിൽ ബസ് ഓണേഴ്‌സ് ആശങ്കയും പ്രകടിപ്പിച്ചു.