തൃശൂർ: കൊവിഡിന്റെ വ്യാപനം മുറുകുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് തലവേദനയുമായി ഡെങ്കിയും എലിപ്പനിയും. ആശ്വാസം പകരുന്നത് കാലവർഷക്കാലത്ത് പിടിച്ചു നിറുത്താൻ കഴിയാത്ത വിധത്തിൽ വ്യാപിക്കുന്ന വൈറൽ പനിയുടെ കുറവ്. കാലവർഷം ശക്തമായതോടെ ഗ്രാമ - നഗര വ്യത്യാസമില്ലാതെ കൊതുക് സാന്ദ്രതയും ഏറുന്നത് ഡെങ്കി കൂടാൻ ഇടയാക്കിയിട്ടുണ്ട്.
പ്രധാനമായും വെളളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നതാണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നത്. മാലിന്യം ക്യത്യമായി സംസ്‌കരിക്കുന്നതിലുളള അലംഭാവവും കൊതുകു കൂടാൻ കാരണമാകുന്നുണ്ട്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കൊതുക് പെറ്റു പെരുകാനുള്ള സാഹചര്യം ഒഴിവാക്കിയേ മതിയാവൂവെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഏലിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം കുറവാണെങ്കിലും ഈ വർഷം ഇത് വരെ രണ്ട് പേർക്ക് മരണം സംഭവിച്ചതും നൂറോളം പേർക്ക് രോഗലക്ഷണങ്ങൾ ഉള്ളതുമാണ് ആരോഗ്യ വകുപ്പിനെ വലയ്ക്കുന്നത്.
കൂടാതെ വേറെ രണ്ട് പേരുടെ മരണവും ഏലിപ്പനിയാണെന്ന സംശയവും നിലനിൽക്കുന്നു. രോഗലക്ഷണം ഉള്ളവരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. 2019ൽ എലിപ്പനി ഏറെക്കുറവായിരുന്നു. കാലവർഷമായാൽ ഓരോ ദിവസവും 800 മുതൽ ആയിരം വരെ പനി ബാധിതർ ആശുപത്രികളിൽ എത്താറുണ്ടെങ്കിൽ ഇത്തവണ 150 നും 200 ഇടയിൽ രോഗികളാണ് എത്തുന്നത്.
വർഷക്കാലങ്ങളിൽ കൊതുക് സാന്ദ്രത ഏറുന്ന സമയങ്ങളിൽ ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനവും ബോധവത്കരണവുമായി എല്ലാ വീടുകളിലും എത്താറുണ്ടെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനമായതോടെ ഈ പ്രവർത്തനം ഉണ്ടായിട്ടില്ല.
എലിപ്പനി ജാഗ്രത
പാടത്തും പറമ്പിലും പണിയെടുക്കുന്ന തൊഴിലാളികൾ ജാഗ്രത പുലർത്തണം. ജോലിക്ക് പോകുന്നവർ കാലുറ നിർബന്ധമായും ഉപയോഗിക്കണം. കാൽ പാദത്തിൽ മുറിവുള്ളവർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കുന്ന പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ നിർബന്ധമായും കഴിക്കണം. അതത് മേഖലകളിലെ ആശാ വർക്കർമാരോട് ആവശ്യപ്പെട്ടാൽ മരുന്ന് നൽകും.
ഡെങ്കി ലക്ഷണങ്ങൾ
പനിയോ മറ്റ് അസുഖങ്ങളോ വരികയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം. രോഗബാധയുള്ള കൊതുക് കടിച്ച ശേഷം നാലോ ഏഴോ ദിവസത്തിനുള്ളിൽ അവ ആരംഭിക്കും. തലവേദന, പേശി, അസ്ഥി, സന്ധി വേദന, ഓക്കാനം, ഛർദ്ദി
ഡെങ്കി കഴിഞ്ഞ വർഷം 113
ഈ വർഷം ഇതുവരെ 122
വൈറൽ പനി -
കഴിഞ്ഞ വർഷം 2,04,529
2020 ഇതുവരെ 56,726
എലിപ്പനി ഇതുവരെ 11
മരണം 2
സംശയാസ്പദ മരണം 2
രോഗലക്ഷണം ഉള്ളവർ 90
ചിക്കൻ പോക്‌സ് 511
മഞ്ഞപ്പിത്തം 43
വയറിളക്കം 17,950
മലമ്പനി 24
ഡെങ്കി കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എലിഞ്ഞിപ്ര
പരിയാരം
ചാലക്കുടി
വരന്തരപ്പിള്ളി
മറ്റത്തൂർ
നിയന്ത്രണ വിധേയമായത്
ചുങ്കം
പൂത്തോൾ