തൃശൂർ: കൊവിഡ് ബാധിച്ച് മരിച്ച ഒമ്പത് രോഗികളിൽ മരിച്ചവരിൽ മൂന്ന് പേർ യുവാക്കൾ. ഇവരിൽ ഒരാൾ ഒഴികെ രണ്ടുപേർ ജീവിതശൈലി രോഗബാധിതർ. 40നും 50നും ഇടയിൽ പ്രായമായ മൂന്ന് യുവാക്കളാണ് ഇതുവരെ മരിച്ചത്. ഇതിൽ രണ്ടുപേരും കടുത്ത പ്രമേഹ രോഗികളാണ്.
മാഹിയിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയും നാട്ടുകാരനായ വേളൂക്കര സ്വദേശിയും പ്രമേഹ രോഗികളായിരുന്നു.
മരിച്ച വേളൂക്കര സ്വദേശിയുടെ കുടുംബത്തിലെ എല്ലാവർക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ കർണാടകയിൽ നിന്നും നിരീക്ഷണം കഴിഞ്ഞതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചയാൾക്ക് ഇതര രോഗങ്ങളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. കൊവിഡിനിടെ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിക്കുന്നത്. കൊവിഡ് ഹൃദയം അടക്കം പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ആന്തരിക അവയവങ്ങൾക്ക് പ്രശ്‌നം സൃഷ്ടിക്കുമെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വാദം.
അനാവശ്യമായി പുറത്തിറങ്ങരുത്
അതുകൊണ്ട് തന്നെ അനാവശ്യമായി പുറത്തിറങ്ങി കറങ്ങരുതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് രോഗബാധിതർ. കൊളസ്‌ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസം മുട്ട് അതുപോലെ കിഡ്‌നി, കാൻസർ, ഹൃദ്‌രോഗികൾ അടക്കം സ്ഥിരം രോഗികളും കരുതിയിരിക്കണം. ആരോഗ്യമുള്ള ശരീരത്തിൽ കൊവിഡ് വൈറസ് ബാധിച്ചാലും അറിയുകയില്ല. എന്നാൽ വീട്ടിലുള്ള പ്രായമായവർക്കും കുട്ടികൾക്കും ദുർബലർക്കും ആരോഗ്യമുള്ളവരിലൂടെ പകരാനുള്ള സാദ്ധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ അനാവശ്യമായി പുറത്തുപോകാതിരിക്കുക. ജോലിക്ക് അടക്കം പുറത്തുപോകുന്നവർ കൊവിഡ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുകയും വേണം.
ആറ് പേർ വയോധികർ
മരിച്ച ബാക്കി ആറ് പേരും വയോധികരാണ്. എന്നാൽ പലതരം രോഗങ്ങൾ ഇവരെയും അലട്ടിയിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ച വയോധിക ഹൃദ്രോഗി ആയിരുന്നു. ഒടുവിൽ മരിച്ച വയോധികൻ അർബുദ രോഗിയുമായിരുന്നു. വയോധികരിൽ തന്നെയും രോഗമുള്ളവരാണ് കൊവിഡ് ബാധിച്ച് മരിച്ച ആറ് പേർ. സ്ഥിരം രോഗികളും അവശരുമായ പ്രായമായവർ മുഴുവൻ മുൻകരുതലും സ്വീകരിക്കേണ്ടതുണ്ട്.
ആകെ മരണം 9
വയോധികർ 6
മറ്റുള്ളർ 3