vettlkuzhl
പണ്ടാരംപാറയിൽ എത്തിയ കാട്ടാന

ചാലക്കുടി: ചാലക്കുടിയിലെ കിഴക്കൻ മലയോര ഗ്രാമമായ വെട്ടിക്കുഴി പണ്ടാരംപാറയിൽ കാട്ടാനകളുടെ ശല്യത്താൽ പൊറുതിമുട്ടി നാട്ടുകാർ. കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങി വാഴ, ജാതി, പൈനാപ്പിൾ, പച്ചക്കറികൾ, കവുങ്ങ്, തെങ്ങ്, റബർ തുടങ്ങിയവ നശിപ്പിക്കുകയാണ്. കർഷകരുടെ വളരെ നാളത്തെ അധ്വാനവും മുതൽ മുടക്കിയ പണവും പ്രതീക്ഷകളുമാണ് കുറച്ച് സമയം കൊണ്ട് ആനകൾ നശിപ്പിക്കുന്നത്. ഇന്ന് വെളുപ്പിന് ആറ് ആനകൾ കൂട്ടമായി വന്ന് ചാലപറമ്പൻ വിശ്വനാഥൻ, ഞാറ്റുവെട്ടി പരമേശ്വരൻ എന്നിവരുടെ സ്ഥലത്തെ വാഴകളും തെങ്ങുകളുമാണ് നശിപ്പിച്ചത്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിത മാർഗ്ഗവും വരുമാനവുമാണ് കാട്ടാനകൾ ഇല്ലാതാക്കുന്നത്.

ഇപ്പോൾ പകലും രാത്രിയിലും കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇവിടെ താമസിക്കുന്ന വീട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്. പകൽ സമയത്ത് പോലും വീടുകളിൽ നിന്ന് ഇറങ്ങി നടക്കാൻ ഭീതിയാണ്. ആനകളെ പേടിച്ച് ആളുകൾ രാത്രികളിൽ വീടുകളിൽ ഉറക്കമിളച്ച് കാവലിരിക്കുകയാണ് .

പണ്ടാരംപാറയിൽ കാട്ടാനകൾ ഇറങ്ങുന്നതിന് ശാശ്വത പരിഹാരം കാണണമെന്നും കാട്ടാനകൾ വരുന്ന വഴികളിൽ കുങ്കി ആനകളെ നിറുത്തി

കാട്ടാനകളെ കാട്ടിലേക്ക് തിരിച്ച് വിടണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും എസ്.എൻ.ഡി.പി യോഗം വെട്ടിക്കുഴി പണ്ടാരംപാറ ശാഖാ ഭാരവാഹികളായ പ്രസിഡന്റ് വി.എ. സുനിൽകുമാർ, സെക്രട്ടറി ഷീജ ഷാജു, വൈസ് പ്രസിഡന്റ് പി.ടി. ശശീധരൻ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.