തൃശൂർ : വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണ തട്ടിപ്പിൽ മന്ത്രി എ.സി മൊയ്തീൻ പറയുന്നത് മുഴുവൻ പച്ച കള്ളമാണെന്നും ഈ തട്ടിപ്പിന്റെ ഇടനിലക്കാരനാണ് മന്ത്രിയെന്നും അനിൽ അക്കര എം.എൽ.എ പത്രസമ്മേളനത്തിൽ ആരോപിച്ചു. തന്റെ വകുപ്പ് സെക്രട്ടറിയിറക്കിയ ഉത്തരവ് ഏതാണെന്നും അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു പോലും ധാരണയില്ലാത്തയാളാണ് മൊയ്തീൻ. അദ്ദേഹം ഭരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് 2019 ജൂലായ് 11 ന് ഇത്തരത്തിൽ ഒരു ഉത്തരവിറക്കുമ്പോൾ അന്നേ ദിവസം തന്നെയാണ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യു.എ.ഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നും എം.എൽ.എ പറഞ്ഞു. പത്രസമ്മേളനത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രൻ അരങ്ങത്ത്, എ. പ്രസാദ്, അഭിലാഷ് പ്രഭാകർ, അഭിലാഷ് ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.